സമ്പൂര്‍ണ വൈദ്യുതീകരണം പയ്യന്നൂരില്‍ 1,183 ഗുണഭോക്താക്കള്‍
പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഇന്ന്.
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ, എരമം -കുറ്റൂര്‍, പെരിങ്ങോം-വയക്കര, ചെറുപുഴ, രാമന്തളി പഞ്ചായത്തുകളില്‍ 32 കി.മീ ലൈന്‍ വലിച്ച് 1,183 ഗുണഭോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കും. 1,51,03,490 രൂപയാണ് പദ്ധതി ചെലവ്.
ഈ പഞ്ചായത്തുകളില്‍ സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം വൈദ്യുതി ലഭിക്കാതെ മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ചുവന്ന ഭവനങ്ങളില്‍ സൗജന്യമായി വൈദ്യുതി എത്തിച്ച് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ലക്ഷ്യം കൈവരിച്ചു. ഇതിനായി സി കൃഷ്ണന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും കെ.എസ്.ഇ.ബി തനത് ഫണ്ടില്‍ നിന്ന് എസ്റ്റിമേറ്റിന്റെ 50 ശതമാനം തുകയും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വകയായി എസ്റ്റിമേറ്റ് തുകയുടെ 25 ശതമാനം തുകയും പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 123 വീടുകള്‍ക്ക് കെ.എസ്.ഇ.ബി സ്വന്തം ചെലവില്‍ വയറിങ് നടത്തി. കൂടാതെ കെ.എസ്.ഇ.ബിയിലെ വിവിധ സംഘടനകള്‍, സ്റ്റാഫ് ക്ലബുകള്‍, വയര്‍മെന്‍ അസോസിയേഷന്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരും നിര്‍ധന കുടുംബങ്ങള്‍ക്കു വയറിങ് ചെയ്ത് നല്‍കി പദ്ധതിയില്‍ പങ്കാളികളായി.
ചെറുപുഴ, പാടിയോട്ട്ചാല്‍ തുടങ്ങിയ മലയോര മേഖലകളും വൈദ്യുതി എത്തിക്കുന്ന ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിക്കുക വഴി കുടുംബങ്ങളുടെ ദീര്‍ഘകാലാഭിലാഷമാണ് പൂവണിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."