നിപാ: ജില്ലയിലെ സര്‍ക്കാര്‍ പരിപാടികള്‍ റദ്ദാക്കി
മലപ്പുറം: നിപാ വൈറസ് ബാധ രണ്ടാംഘട്ട വ്യാപന സാധ്യത കണക്കിലെടുത്തു ജില്ലയിലെ എല്ലാ സര്‍ക്കാര്‍ പരിപാടികളും ഇനി ഒരറിയിപ്പുണ്ടാവുന്നതു വരെ റദ്ദാക്കി. ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ അഞ്ചു വരെ തുറന്നുപ്രവര്‍ത്തിക്കരുതെന്നും കലക്ടര്‍ ഉത്തരവിട്ടു. ഇതനുസരിച്ച് ജൂണ്‍ ആറിനാണ് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുക.
ഈ ഉത്തരവ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, കോളജുകള്‍, എന്‍ട്രന്‍സ്-പി.എസ്.സി പരിശീലന സ്ഥാപനങ്ങള്‍, മദ്‌റസകള്‍, ട്യൂഷന്‍ ക്ലാസുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.
നിപാ വൈറസ് ബാധിതരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 42 ദിവസം വീടുകളില്‍തന്നെ കഴിയണം. പുറത്തിറങ്ങുകയോ മറ്റ് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുത്. ഇത്തരം ആളുകള്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുനല്‍കും. പനി ബാധിതരെ സന്ദര്‍ശിക്കുന്നതു പൂര്‍ണമായും ഒഴിവാക്കണം. നിസാര രോഗങ്ങള്‍ക്ക് ആളുകള്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നത് ഒഴിവാക്കണം.
നിപാ വൈറസ് ബോധ സംശയിക്കുന്ന ആളുകളെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലയ്ക്കു പുറത്തേക്കു മാറ്റുമ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ നിര്‍ബന്ധമായും അറിയിക്കണം. പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ സഹായത്തില്‍ അതീവ സുരക്ഷയോടെ പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സില്‍ മാത്രമേ ഇവരെ മാറ്റാവൂ. ഇതിനായി അഞ്ച് ആംബുലന്‍സുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പൊതുപരിപാടികളില്‍നിന്ന് ആളുകള്‍ പൂര്‍ണമായും വിട്ടുനില്‍ക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും നഗരസഭാ ചെയര്‍മാന്‍മാരുടെയും സെക്രട്ടറിമാരുടെയും അടിയന്തിര യോഗം ഇന്നു രാവിലെ 10.30നു ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും.
വൈറസ് വ്യാപനം സംബന്ധിച്ച് അവലോകനം നടത്തുന്നതിന് എല്ലാ ദിവസവും വൈകിട്ട് നാലിനു പ്രത്യേക കര്‍മസേനയുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗം ചേരും. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."