കുടിവെള്ള വിതരണം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാന്‍ അനുമതി
പഞ്ചായത്തുകള്‍ക്ക് 15 ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 25 ലക്ഷവും കോര്‍പറേഷനുകള്‍ക്ക് 35 ലക്ഷവും ചെലവഴിക്കാം
കണ്ണൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപന തലത്തില്‍ കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. മെയ് 31 വരെ ഈ ആവശ്യത്തിനായി പഞ്ചായത്തുകള്‍ക്ക് 15 ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 25 ലക്ഷവും കോര്‍പറേഷനുകള്‍ക്ക് 35 ലക്ഷവുമാണ് ചെലവഴിക്കാന്‍ അനുമതിയുള്ളതെന്ന് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണത്തിനായുള്ള നടപടിക്രമങ്ങള്‍ നേരത്തേ ആരംഭിച്ചതായി കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. തഹസില്‍ദാര്‍ വഴി ലഭിക്കുന്ന അപേക്ഷകളില്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണ്. ഇതിനായി കലക്ടറേറ്റില്‍ പ്രത്യേക സംവിധാനമൊരുക്കിയതായും അദ്ദേഹം പറഞ്ഞു.
കണിച്ചാര്‍, ഏരുവേശ്ശി, ഉളിക്കല്‍, ഇരിക്കൂര്‍ പഞ്ചായത്തുകള്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി ഫണ്ട് വകയിരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധികാരികള്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി പദ്ധതി ആസൂത്രണത്തില്‍ ജില്ലയുടെ മുന്‍ഗണനകള്‍ തീരുമാനിക്കുന്നതിന്റെ മുന്നോടിയായി തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് മെയ് 15നകം തയാറാക്കി സമര്‍പ്പിക്കാന്‍ ആസൂത്രണ സമിതി യോഗം ജില്ലാതല വകുപ്പ് നിര്‍വണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ മേയര്‍ ഇ.പി ലത, കെ.പി ജയബാലന്‍, ശോഭ കെ, ടി.ടി റംല, എം. സുകുമാരന്‍, പി.കെ ശ്യാമള, അജിത് മാട്ടൂല്‍, കെ.വി ഗോവിന്ദന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."