'ഭയമില്ലാത്ത പെണ്‍കുട്ടി' വാള്‍ സ്ട്രീറ്റില്‍ തന്നെയുണ്ടാകും
ന്യൂയോര്‍ക്ക്: 'ഭയമില്ലാത്ത പെണ്‍കുട്ടി' അടുത്ത ഒരു വര്‍ഷം വരെ വാള്‍ സ്ട്രീറ്റിലുണ്ടാകും.
നിര്‍ഭയയായ പെണ്‍കുട്ടിയെ പ്രതിനിധീകരിക്കുന്ന വാള്‍സ്ട്രീറ്റില്‍ സ്ഥാപിച്ച 'ഭയമില്ലാത്ത പെണ്‍കുട്ടി'യുടെ പ്രതിമയാണ് അടുത്ത വര്‍ഷം വരെ വാള്‍സ്ട്രീറ്റില്‍ പ്രദര്‍ശനത്തിനു വയ്ക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മാര്‍ച്ച് എട്ടിനു വനിതാ ദിനത്തിലാണ് പ്രശസ്ത ശില്‍പി ക്രിസ്റ്റന്‍ വിസ്ബലിന്റെ നേതൃത്വത്തില്‍ വെങ്കലത്തില്‍ പെണ്‍കുട്ടിയുടെ പ്രതിമ കൊത്തിയെടുത്തത്. ഇത് അടുത്ത ആഴ്ച ഇവിടെ നിന്നും നീക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, നിരവധി പേര്‍ ഇതിനെതിരേ രംഗത്തു വരികയും അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ 2018 മാര്‍ച്ച് 8 വരെ പ്രതിമ വാള്‍സ്ട്രീറ്റില്‍ സ്ഥാപിക്കാന്‍ ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡേ ബ്ലാസിയോ ഉത്തരവിടുകയായിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെയും സ്ത്രീകള്‍ക്ക് ഭയത്തിനെതിരേ ശക്തി പകരാനും ധൈര്യം നല്‍കാനും വേണ്ടിയും നിലകൊള്ളുന്ന പെണ്‍കുട്ടിയുടെ പ്രതീകമായാണ് കഴിഞ്ഞ വനിതാ ദിനത്തില്‍ പ്രതിമ അനാവരണം ചെയ്തത്. നിരവധി പേരാണ് പ്രതിമ കാണാനായും സെല്‍ഫി എടുക്കാനായും ഇവിടെയെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."