പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു: മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
ആലപ്പുഴ : സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചു. തോട്ടപ്പള്ളി എസ്.എസ് ഭവനത്തില്‍ സുധീഷിന്റെ ഭാര്യ നീതുവാണ് (അശ്വതി-27) മരിച്ചത്. പ്രസവത്തിനുശേഷം നീതുവിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിച്ച ബന്ധുക്കളോട് കുഴപ്പമൊന്നുമില്ല എന്ന മറുപടിയാണ് ഡോക്ടറുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.
ഡോക്ടറുടെയും ജീവനക്കാരുടെയും തിരക്കും പരിഭ്രമവും ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വിദഗ്ധ ചികിത്സക്കായി വേറെ ആശുപത്രിയില്‍ കൊണ്ടുപോകണോയെന്ന് ചോദിച്ചെങ്കിലും ആവശ്യമില്ലെന്നായിരുന്നു ഡോക്ടര്‍ അറിയിച്ചത്. ഇതിനിടയില്‍ തങ്ങളെക്കൊണ്ട് പല കടലാസുകളിലും ഒപ്പിടുവിച്ചെന്നും മുന്‍കൂട്ടി പറയാതെ യുവതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. രക്ത സ്രാവം നിലക്കാതെ വന്നതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരില്‍ മൂന്നു പേരുടെയും മറ്റു 2 പേരുടെയും രക്തം കൊടുത്തുവെങ്കിലും ഫലമുണ്ടായില്ല. രാത്രി 12 ഓടെ വീണ്ടും ഒരു ഓപ്പറേഷന്‍ കൂടി നടത്തുകയാണെന്ന് പറഞ്ഞു.
പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ വിദഗ്ധ ഡോക്ടറുടെ സഹായം ആശുപത്രി അധികൃതര്‍ തേടിയെങ്കിലും അതുകൊണ്ടും ഫലമുണ്ടായില്ല. പുലര്‍ച്ചെ ഒന്നോടെ ബന്ധുക്കളെ വിളിച്ച് രോഗിയുടെ നില വഷളാകുകയാണെന്നും വിദഗ്ധ ചികിത്സക്കായി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഇവിടെ എത്തിച്ചെങ്കിലും താമസിച്ചുപോയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പുലര്‍ച്ചെ 5.30 ഓടെയാണ് യുവതി മരിച്ചത്.
അഡീഷനല്‍ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഹരിപ്പാട് പൊലിസ് ഇന്‍ക്വസ്റ്റ് തയാറാക്കി. തുടര്‍ന്ന് ഹരിപ്പാട് ഡാണാപ്പടി നാരകത്ര ജങ്ഷനില്‍ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുമായി യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രി മാനേജ്‌മെന്റിനും ഡോക്ടര്‍ക്കുമെതിരേ കേസെടുക്കണമെന്നും, നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലിസ് പറഞ്ഞു.
താമല്ലാക്കല്‍ കാട്ടില്‍ മാര്‍ക്കറ്റ് പീതാംബരന്റെയും കോമളവല്ലിയുടെയും മകളാണ് നീതു. വിസ്മയ (6) മകളാണ്. നവജാത ശിശുവിനെ വൈകിട്ടോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ചികിത്സയില്‍ ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."