ബഹ്‌റൈനില്‍ പ്രവാസി സംഘടന ശേഖരിച്ച പാഠപുസ്തകങ്ങളുടെ വിതരണം 30ന്
മനാമ ബഹ്‌റൈനിലെ പ്രവാസി സംഘടനയായ ?ഇന്‍ഡക്‌സ് ബഹ്‌റൈന്‍' ന്റെ നേതൃത്വത്തില്‍ സമാഹരിച്ച ഉപയോഗിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം 30ന് വ്യാഴാഴ്ച ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പുസ്തകങ്ങള്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വ്യാഴാഴ്ച വൈകിട്ട് 7 മണി മുതല്‍ രാത്രി 10 വരെ കേരളീയ സമാജം ഹാളില്‍വച്ച് പുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും.
ബഹ്‌റൈനിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉപയോഗിച്ച പുസ്തകങ്ങളാണ് സംഘടന ശേഖരിച്ച് വിതരണം ചെയ്യുന്നത്. കേവലം മൂന്ന് ആഴ്ചക്കിടെ 1000ത്തിലധികം പേര്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കുന്നത്ര പുസ്തകങ്ങള്‍ ശേഖരിക്കാനായിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പുനരുപയോഗത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക, പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് സഹായമാവുക, പ്രകൃതി സ്‌നേഹത്തിന്റെ പാഠങ്ങള്‍ പുതിയ തലമുറക്ക് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതി തയ്യാറാക്കിയതെന്നും ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്നും അവര്‍ അറിയിച്ചു.
ബഹ്‌റൈനിലെ വിവിധ സംഘടനകളുമായി കൈകോര്‍ത്താണ് പുസ്തകശേഖരണം നടത്തിയത്. ഇതിനായി വിവിധ സംഘടനാ സ്ഥാപന കേന്ദ്രങ്ങളിലായി 32 ബോക്‌സുകള്‍ സ്ഥാപിച്ചിരുന്നു.
ഇന്ത്യന്‍ ക്ലബ്ബ്, ബഹ്‌റൈന്‍ കേരളീയ സമാജം, സീറോ മലബാര്‍ സൊസൈറ്റി, കെ എം സി സി, കേരള കാത്തലിക് അസോസിയേഷന്‍, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി, ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍,കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍, സമസ്ത കേരള സുന്നി ജമാഅത്ത് , അല്‍ അന്‍സാര്‍ സെന്റര്‍, ഐ സി എസ്, അയ്യപ്പ ക്ഷേത്രം കാനൂ ഗാര്‍ഡന്‍, അയ്യപ്പ ക്ഷേത്രം അറാദ് , സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്, സെയിന്റ് പീറ്റേര്‍സ് ഓര്‍ത്തോഡോക്‌സ് ചര്‍ച്ച്, സെയിന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ചര്‍ച്ച്, സംസ്‌കൃതി, കര്‍ണാടക ക്ലബ്, തെലുഗ് കലാ സമിതി, ബഹ്‌റൈന്‍ പ്രതിഭ,, പ്രേരണ ബഹ്‌റൈന്‍, പ്രവാസി ഗൈഡന്‍സ് ഫോറം, വിന്നേഴ്‌സ് അക്കാദമി ഒ ഐ സി സി, , ബാലഭാരതി, ടിസ്‌ക, , ആം ആദ്മി പാര്‍ട്ടി കൂട്ടായ്മ, മാതാ അമൃതാനന്ദമയി സേവാ സംഘം, തുടങ്ങിയ സംഘടനകളാണ് പ്രധാനമായും ഈ ക്യാമ്പയിനുമായി സഹകരിച്ചത്.
ഈ കേന്ദ്രങ്ങളില്‍ രക്ഷിതാക്കളും കുട്ടികളും ഉപയോഗിച്ച പുസ്തകങ്ങള്‍ നിക്ഷേപിക്കുകയായിരുന്നു. സംഘാടകര്‍ പിന്നീട് അതു ശേഖരിച്ച് തരംതിരിച്ചു. സാമൂഹ്യ പ്രവര്‍ത്തകരും നിരവധി രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും ഇതിനോട് സഹകരിച്ചു. പുസ്തക കൈമാറ്റത്തിന് കേന്ദ്രീകൃത സ്വഭാവമുണ്ടാക്കാന്‍ സാധിച്ചുവെന്നതാണ് ഈ കാമ്പയിനിന്റെ പ്രധാന നേട്ടമെന്നും അവര്‍ വിശദീകരിച്ചു.
വ്യാഴാഴ്ച നടക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്ക് നോട്ടുപുസ്തകങ്ങളും പെന്‍സിലും പേനയും കട്ടറും അടങ്ങിയ കിറ്റും സൗജന്യമായി നല്‍കും. ചടങ്ങില്‍ കേരളീയ സമാജം അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നുമുണ്ടാകും. നിര്‍ധനരായ കുട്ടികള്‍ക്ക് സൌജന്യമായി യൂണിഫോം വിതരണം ചെയ്യാനും പദ്ധതിയുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
ചെറിയ വരുമാനമുള്ളവരും കുടുംബമായി കഴിയുന്ന ബഹ്‌റൈനില്‍ കുട്ടികളുടെ സ്‌കൂള്‍ തുറക്കുന്ന കാലം പലര്‍ക്കും അധിക സാമ്പത്തിക ബാധ്യതകളുടേതാണ്. ഇവര്‍ക്ക് പുസ്തക വിതരണം ആശ്വാസമാകും. ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ നല്‍കാനും വേണ്ടത് എടുക്കാനും കഴിയുന്ന കൈമാറ്റ മേളയായും രക്ഷിതാക്കള്‍ക്ക് ഇത് ഉപയോഗപ്പെടുത്താം.
ടെക്സ്റ്റ് പുസ്തകങ്ങളും ഗൈഡുകളും ആവശ്യമുള്ള മുഴുവന്‍ രക്ഷിതാക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. പരിപാടിയോടനുബന്ധിച്ച് ചിത്രകാരന്‍ സത്യദേവിന്റെ നേതൃത്വത്തില്‍ മരങ്ങളുടെ പ്രാധാന്യം വിളംബരം ചെയ്ത് വലിയ ക്യാന്‍വാസില്‍ ഇലകള്‍വച്ച് ചിത്രം വരക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ സേവി മാത്തുണ്ണിയുമായി (+97336800676) ബന്ധപ്പെടണം. നോട്ടുബുക്കും സ്റ്റേഷനറി സാധനങ്ങളും ആവശ്യമുള്ളവര്‍ കുട്ടികളുടെ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൂടി കൈവശംവയ്ക്കണം. ആദ്യം വരുന്നവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാനി പോള്‍ 0097339855197, അജി ഭാസി38809471, റഫീഖ് അബ്ദുല്ല 38384504, അനീഷ് വര്‍ഗീസ് 39899300, ലത്തീഫ് ആയഞ്ചേരി 39605806. എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഡക്‌സ് ഭാരവാഹികളായ സാനി പോള്‍, അജി ഭാസി, സേവി മാത്തുണ്ണി, റഫീഖ് അബ്ദുല്ല, അനീഷ് വര്‍ഗ്ഗീസ്, ലത്തീഫ് ആയഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."