പ്ലസ് വണ്‍ ജോഗ്രഫി: പുതിയ പരീക്ഷ നടത്തില്ല
തിരുവനന്തപുരം: പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തില്ലെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍. 11 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പൊതുപരീക്ഷയില്‍ ആവര്‍ത്തിച്ചു വന്നത്. 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ അല്ല. മോഡല്‍ പരീക്ഷയില്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ പൊതുപരീക്ഷയ്ക്കും ചോദിച്ചത് ശരിയായില്ല. എന്നാല്‍ അങ്ങിനെ ചോദിച്ചതില്‍ തെറ്റില്ല. ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ അങ്ങിനെ ചോദിക്കാറുണ്ട്. ഇതിന്റെ പേരില്‍ മാത്രം പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും ഡയറക്ടര്‍ എം.എസ് ജയ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടത്തിയ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ആണ് പൊതു പരീക്ഷയില്‍ ആവര്‍ത്തിച്ചത്. പ്ലസ് വണ്ണിന്റെ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അതാത് സ്കൂളുകള്‍ക്കോ അധ്യാപക സംഘടനകള്‍ക്കോ തയാറാക്കാം.
ഈ രണ്ട് ജില്ലകളില്‍ നടത്തിയ ജ്യോഗ്രഫി മോഡല്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ തയാറാക്കിയത് സി.പി.എമ്മിന്റെ അധ്യാപക സംഘടനയായ കെ.എസ്.ടി.എയാണ്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രിക്കു സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."