എലികളെ തുരത്താന്‍ ലക്ഷദ്വീപിലേക്ക് കേരളത്തില്‍ നിന്ന് മൂങ്ങകളെ കൊണ്ടുപോകുന്നു
കൊച്ചി: മൂങ്ങയില്ലാത്ത സ്ഥലമെന്ന പേര് ലക്ഷദ്വീപിന് അന്യമാകുന്നു. കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് മൂങ്ങകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ലക്ഷദ്വീപ് കൃഷിവകുപ്പും ഭരണകൂടവും. വര്‍ധിച്ചുവരുന്ന എലിശല്യമാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ഇവരെ എത്തിച്ചത്. എലി ശല്യം മൂലം ദ്വീപിലെ കര്‍ഷകര്‍ ദുരിതത്തിലാണ്.
ഇവിടത്തെ പ്രധാന കാര്‍ഷികോല്‍പന്നമായ തേങ്ങ വന്‍തോതില്‍ നശിപ്പിക്കുകയാണ് എലികള്‍. സ്‌റ്റോര്‍ മുറികളില്‍ സൂക്ഷിക്കുന്ന തേങ്ങയും കൊപ്രയും മറ്റ് ഉല്‍പന്നങ്ങളും എലികള്‍ വന്‍തോതില്‍ തിന്നുതീര്‍ക്കുന്നതായും കര്‍ഷകര്‍ പറയുന്നു.
ഉയരം കുറഞ്ഞ തെങ്ങില്‍കയറി തേങ്ങകളും എലികള്‍ നശിപ്പിക്കുന്നു. ദ്വീപില്‍ കീടനാശിനികള്‍ക്ക് നിരോധനമുള്ളതിനാല്‍ എലിവിഷം പോലുള്ളവ ഉപയോഗിക്കാന്‍ കഴിയില്ല. ദ്വീപിലെ 2600 ഹെക്ടര്‍ വരുന്ന തെങ്ങിന്‍ തോപ്പുകളില്‍ നിന്ന് പ്രതിവര്‍ഷം 553 ലക്ഷം തേങ്ങ ഉല്‍പ്പാദിപ്പിക്കുന്നതായാണ് കണക്ക്. സംസ്ഥാന വിപണിയില്‍ ഏതാണ്ട് പ്രതിവര്‍ഷം 3,500 ടണ്ണില്‍ കൂടുതല്‍ കൊപ്ര സംഭാവന ചെയ്യുന്നത് ലക്ഷദ്വീപില്‍ നിന്നാണ്. ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് (എന്‍.ഐ.പി.എച്ച്.എം) രാത്രിക്കാഴ്ചയേറിയ മൂങ്ങകളെ എലികളെ തുരത്താന്‍ നിയോഗിക്കാന്‍ ലക്ഷദ്വീപ് കൃഷിവകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചു.
2017ല്‍ ലക്ഷദ്വീപ് ഭരണകൂടം ആവശ്യമായത്ര മൂങ്ങകളെ വിട്ടുതരണമെന്ന ആവശ്യവുമായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയെ സമീപിച്ചെങ്കിലും സര്‍വകലാശാലാ പരിസരത്ത് ആവശ്യത്തിന് മൂങ്ങകള്‍ ഇല്ലെന്ന് കാണിച്ച് ആവശ്യം സെപ്റ്റംബറില്‍ തള്ളിക്കളഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് മാസം ഭരണകൂടം വീണ്ടും സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. അതോടെ നഗരപ്രദേശങ്ങളില്‍നിന്നും കൃഷിസ്ഥലങ്ങളില്‍നിന്നും പിടികൂടുന്ന മൂന്ന് ജോഡി മൂങ്ങകളെ ലക്ഷദ്വീപിലേക്ക് അയക്കാന്‍ സര്‍ക്കാര്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
എന്നാല്‍ ഇത്രയും മൂങ്ങകള്‍ കൈവശമില്ലെന്ന് വനംവകുപ്പ് സര്‍ക്കാരിനെ അറിയിച്ചതിനാല്‍ നിലവില്‍ കൈവശമുള്ള മൂങ്ങകളെ ഉടന്‍ ലക്ഷദ്വീപിലേക്ക് അയക്കാനും ഇനി പിടികൂടുന്നവയില്‍ നിന്ന് ആവശ്യമായവയെ പിന്നീട് എത്തിക്കാനുമാണ് തീരുമാനം. ഇതിന്റെ ഭാഗമായി രണ്ട് ജോഡി വെള്ളിമൂങ്ങകളെ ദ്വീപിലേക്ക് ഉടന്‍ അയക്കും. എന്നാല്‍ ലക്ഷദ്വീപിന്റെയും കേരളത്തിന്റെയും ഭൂപ്രകൃതിയും കാലാവസ്ഥയും ഏതാണ്ട് സമാനമെങ്കിലും മൂങ്ങകള്‍ ദ്വീപില്‍ ജീവിക്കുമോ എന്ന ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."