മുഖത്തല ശിശു വികസന പ്രോജക്ട് ഓഫിസില്‍ നാഥനില്ല !
കൊട്ടിയം: കമ്മൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫിസറും (സി.ഡി.പി.ഒ) എ.സി.ഡി.പി.ഒയും ഇല്ലാതെ ശിശുവികസന പ്രോജക്ട് ഓഫീസ്.
മുഖത്തലയിലെ ഐ.സി.ഡി.എസിലെ പ്രോജക്ട് ഓഫീസര്‍ ജോലിയില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി മുഖത്തല ബ്ലോക്കിന് കീഴിലുള്ള ഐ.സി.ഡി.എസ് ഓഫീസ് നിര്‍ജീവാവസ്ഥയിലായി. കുട്ടികളുടെ പരിപാലനം അടക്കമുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് വേണ്ട ഉദ്യോഗസ്ഥയാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഓഫീസില്‍ ഇല്ലാതെയിരിക്കുന്നത്. സാധാരണ സൂപ്പര്‍വൈസറായ ഒരാളാണ് കഴിഞ്ഞ ഒരുമാസമായി
ഇവിടെ സി.ഡി.പി.ഒയുടെ ചുമതല വഹിക്കുന്നത്. എ.സി.ഡി.പി.ഒ എന്ന തൊട്ടു താഴത്തെ തസ്തികയിലും മാസങ്ങളായി ആളില്ല.
തികച്ചും അനാഥാവസ്ഥയിലായ ഓഫീസിന്റെ പ്രവര്‍ത്തനത്തെപ്പറ്റി പരാതിയുയര്‍ന്നിട്ടും ബന്ധപ്പെട്ട അധികാരികളോ മറ്റുള്ളവരോ പ്രശ്‌നത്തിലിടപെട്ടിട്ടില്ല. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനവും ഇതേതുടര്‍ന്ന് പരാതിയ്ക്കിടയാക്കിയിട്ടുണ്ട്. ഇവിടെ അങ്കണവാടി കേന്ദ്രങ്ങള്‍ പലതും രാവിലെ കൃത്യസമയത്ത് തുറക്കുന്നില്ലെന്ന് പരാതിയുണ്ട്.
ജില്ലാ തല ഓഫീസ് പ്രശ്‌നത്തിലിടപെടണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."