ജാഗ്രതൈ... തോട്ടങ്ങളിലെ അരുവികളില്‍ ഒഴുകുന്നത് വിഷം
തൊടുപുഴ: ഏലത്തോട്ടങ്ങളിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയും ഒഴുകുന്ന അരുവികളില്‍ മനുഷ്യജീവനുതന്നെ ഭീഷണിയാകുന്ന വിധത്തില്‍ മാരകമായ വിഷാംശമുണ്ടെന്ന് ആരോഗ്യവകുപ്പ്. ഉടുമ്പഞ്ചോല താലൂക്കില്‍ നടത്തിയ പരിശോധനയിലാണ് അരുവികളില്‍ മാരകമായ അളവില്‍ വിഷാംശമുണ്ടെന്ന് തെളിഞ്ഞത്. അരുവികളിലും നീര്‍ച്ചാലുകളിലും 27 ശതമാനംവരെ വിഷാംശമുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
രണ്ടുവര്‍ഷം മുന്‍പ് ആരോഗ്യവകുപ്പ് മൂന്നാര്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ അരുവികളിലെ വെള്ളത്തില്‍ ചെറിയ രീതിയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. ഏലം, തേയിലച്ചെടികളുടെ സംരക്ഷണത്തിന് തളിക്കുന്ന ഫോറേറ്റ് മിശ്രിതവും ക്ലോര്‍പൈരിഫോസ് കീടനാശിനിയുമാണ് നീരുറവകളെ വിഷലിപ്തമാക്കുന്നത്. വിവിധ അന്താരാഷ്ട്ര സര്‍വകലാശാലകള്‍ പരിസ്ഥിതിനാശത്തേക്കുറിച്ച് നടത്തിയ പഠനത്തില്‍ ഫോറേറ്റും ക്ലോര്‍പൈരിഫോസും സൃഷ്ടിക്കുന്ന പരിസ്ഥിതി - ആരോഗ്യപ്രശ്‌നങ്ങളേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറഞ്ഞ അളവില്‍ ഉള്ളില്‍ച്ചെന്നാല്‍ പോലും അപകടകരമാണ് ഫോറേറ്റ്.
ചെടികളുടെ നീര് വലിച്ചെടുക്കുകയും തണ്ടുതുരക്കുകയും ചെയ്യുന്ന ജീവികള്‍, ഇലതീനികള്‍, വേരുകളിലെ വിരകള്‍ എന്നിവയെ നശിപ്പിക്കാനാണ് ഫോറേറ്റ് മിശ്രിതം തളിക്കുന്നത്. കീടനാശിനി തളിയ്ക്കുന്നവരേയും തളിച്ചയുടന്‍ പ്രദേശത്തെ വായു ശ്വസിക്കാന്‍ ഇടയായവരേയും പരിശോധിച്ചതില്‍ വ്യത്യസ്ത അളവിലാണെങ്കിലും വിഷാംശം ഉള്ളിലെത്തിയതായും കണ്ടെത്തി. വിഷാംശമുള്ള വായു ഒരു മണിക്കൂര്‍ ശ്വസിച്ചാല്‍ മനുഷ്യജീവന് എട്ടുശതമാനം മാരകമാണെന്ന ഫലമാണ് ലഭിച്ചത്.
ഹൃദയസ്പന്ദനം മന്ദഗതിയിലാവുക, കാഴ്ച മങ്ങുക, ശ്വാസതടസം, വിഭ്രാന്തി, സ്പര്‍ശനശക്തി കുറയല്‍, മരവിപ്പ് എന്നിവയും ഡോസ് കൂടിയാല്‍ അബോധാവസ്ഥയും സംഭവിക്കും. വിഷാംശം വേഗത്തില്‍ ബാധിക്കുന്നത് കൗമാരക്കാരെയാണ്. മനുഷ്യന്റെ നാഡീവ്യൂഹത്തെയാണ് ഫോറേറ്റ് ദോഷകരമായി ബാധിക്കുന്നത്. മനുഷ്യനടക്കമുള്ള സസ്തനികളില്‍ കരള്‍, കിഡ്‌നി, ശ്വാസകോശം, ഗ്രന്ഥികള്‍ എന്നിവയില്‍ വിഷം ശേഖരിക്കപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭൂഗര്‍ഭജലത്തിലും മണ്ണിലും വിഷാംശം ദീര്‍ഘനാള്‍ നിലനില്‍ക്കും . അടുത്തിടെ രാജാക്കാടിന് സമീപം അനധികൃത കീടനാശിനികളുടെ വന്‍ശേഖരം കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."