സ്‌റ്റെര്‍ലെറ്റ് കമ്പനിക്ക് ഭൂമി അനുവദിച്ച നടപടി റദ്ദാക്കി
ചെന്നൈ: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലെറ്റ് കോപ്പര്‍ കമ്പനിയുടെ പ്ലാന്റ് വികസനത്തിന് ഭൂമി അനുവദിച്ച നടപടി തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കി. പൊതുജനവികാരം പരിഗണിച്ചാണ് നടപടി റദ്ദാക്കിയത്. പ്ലാന്റിന്റെ നവീകരണത്തിനായി 342.22 ഏക്കര്‍ ഭൂമിയാണ് വ്യവസായ വികസന കോര്‍പറേഷന്‍ അനുവദിച്ചിരുന്നത്. ഇതാണ് സര്‍ക്കാര്‍ തിരിച്ചെടുക്കുന്നത്.ഭൂമി നല്‍കുന്നതിനായി സ്വീകരിച്ച പണം ചട്ടങ്ങള്‍ക്ക് വിധേയമായി തിരിച്ചുനല്‍കുമെന്നും ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പുതിയ നടപടി.
അതേസമയം പ്ലാന്റ് അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിര്‍ഭാഗ്യകരമാണെന്നും കൂടുതല്‍ പഠിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഉടമസ്ഥരായ വേദാന്ത ഗ്രൂപ്പ് വ്യക്തമാക്കി. പ്ലാന്റിന്റെ നവീകരണ പരിപാടികള്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞയാഴ്ച സ്റ്റേ ചെയ്തിരുന്നു.പ്ലാന്റില്‍ നിന്നുള്ള മലിനീകരണത്തെ ചൊല്ലി നടന്ന ജനകീയ പ്രക്ഷോഭത്തിനു നേര്‍ക്കുണ്ടായ പൊലിസ് വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇവിടെ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൃഷി നശിപ്പിക്കുന്നതായും പ്രദേശത്തെ ജലസംഭരണികളും വായുവും മലിനപ്പെടുന്നുണ്ടെന്നും നേരത്തേ കണ്ടെത്തിയിരുന്നു. ഫാക്ടറിയുടെ മലിനീകരണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി പേര്‍ ശ്വാസകോശ രോഗങ്ങളും ചര്‍മ്മരോഗങ്ങളും പിടിപെട്ട് ചികിത്സ തേടുന്നുണ്ട്.1996ല്‍ തമിഴ്‌നാട്ടില്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ഇതിനെതിരേ പ്രതിഷേധം നടക്കുന്നുണ്ട്. രണ്ടാം പ്ലാന്റ് തുറക്കാന്‍ കമ്പനി തീരുമാനിച്ചതോടെയാണ് പ്രശ്‌നം ആളിക്കത്തിയത്. പ്ലാന്റ് സ്ഥിതിചെയ്യുന്ന കുമാര്‍ റെഡ്യാര്‍ പുരത്തു കഴിഞ്ഞ മാസങ്ങളില്‍ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."