മക്കാ മസ്ജിദ് സ്‌ഫോടനം: വിചാരണക്കോടതി വിധി എന്‍.ഐ.എ ചോദ്യംചെയ്യില്ല
ന്യൂഡല്‍ഹി: ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയും സംഘ്പരിവാര്‍ നേതാവുമായ സ്വാമി അസിമാനന്ദ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധി എന്‍.ഐ.എ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യില്ല. വിധിന്യായത്തില്‍ പ്രധാനമായും 18 പ്രധാന പോയിന്റുകളാണുള്ളതെന്നും അവയെ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യുന്നത് ബുദ്ധിമുട്ടാവുമെന്നും എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച് സ്വകാര്യചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അസിമാനന്ദക്കെതിരേ തെളിവില്ലെന്ന് വിചാരണക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവ് വായിച്ച അധികൃതര്‍ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും അസിമാനന്ദയുടെ അഭിഭാഷകന്‍ ജെ. ശര്‍മ പറഞ്ഞു.
കഴിഞ്ഞമാസമാണ് തെളിവുകളുടെ അഭാവത്തില്‍ കേസിലെ അഞ്ചുപ്രതികളെയും വെറുതെവിട്ട് ഹൈദരാബാദിലെ പ്രത്യേക എന്‍.ഐ.എ കോടതി ഉത്തരവിട്ടത്.
നിരോധിത സംഘടനയല്ലാത്ത ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരാള്‍ വര്‍ഗീയവാദിയോ സാമൂഹികവിരുദ്ധനോ ആവില്ലെന്ന് വിധിന്യായത്തില്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ അസിമാനന്ദയുടെ കുറ്റസമ്മതമൊഴി പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല. കുറ്റസമ്മതത്തിലെ പ്രധാന വെളിപ്പെടുത്തലുകള്‍ പിന്നീട് ഒരു മാഗസിനുമായുള്ള അഭിമുഖത്തില്‍ അസിമാനന്ദ ആവര്‍ത്തിച്ചിരുന്നുവെങ്കിലും കുറ്റസമ്മതം സ്വമനസ്സാല്‍ നല്‍കിയതല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യുന്നതിനായി ഉത്തരവിന്റെ പകര്‍പ്പിനായി ആവശ്യപ്പെടുമെന്ന് അന്ന് എന്‍.ഐ.എ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് വിധിയെ ചോദ്യംചെയ്യേണ്ടതില്ലെന്ന് എന്‍.ഐ.എ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."