മാലി 'സ്‌പൈഡര്‍മാന് 'ഫ്രഞ്ച് പൗരത്വം
പാരിസ്: മാലി 'സ്‌പൈഡര്‍മാന് ' ഇനി ഫ്രാന്‍സില്‍ പൗരനായി ജീവിക്കാം. കുട്ടിയെ വീട്ടില്‍ തനിച്ചാക്കി പുറത്ത് ഷോപ്പിങ്ങിനുപോയ രക്ഷിതാക്കള്‍ക്ക് കടുത്ത ശിക്ഷയും നേരിടേണ്ടി വരും. അതേസമയം, അതിസാഹസികമായി തങ്ങളുടെ കുഞ്ഞിനെ മരണക്കെണിയില്‍നിന്ന് രക്ഷിച്ച 'സ്‌പൈഡര്‍മാന് 'ഫ്രഞ്ച് കുടുംബം നന്ദി അറിയിച്ചു. അവന്‍ ശരിക്കുമൊരു ഹീറോയാണെന്ന് അപകടത്തില്‍നിന്നു രക്ഷപ്പെട്ട കുഞ്ഞിന്റെ മുത്തശ്ശി പറഞ്ഞു.
വടക്കന്‍ പാരിസില്‍ ശനിയാഴ്ച രാവിലെയാണ് മാലി സ്വദേശിയും കുടിയേറ്റക്കാരനുമായ മമ്മൂദു ഗസ്സാമ ആ ധീരകൃത്യത്തിലൂടെ ഫ്രാന്‍സിന്റെ ഹൃദയം കീഴടക്കിയത്. നാലുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ താഴേക്ക് പതിക്കാനാഞ്ഞ് തൂങ്ങിക്കിടന്ന നാലുവയസുകാരനെയാണ് ഗസ്സാമ സാഹസികമായി രക്ഷപ്പെടുത്തിയത്. കുട്ടി അപകടത്തില്‍പ്പെട്ട കാഴ്ച കണ്ട് ആളുകള്‍ ഓടിക്കൂടുകയും ബഹളം വയ്ക്കുകയും ചെയ്‌തെങ്കിലും ആരും രക്ഷപ്പെടുത്താന്‍ തുനിഞ്ഞില്ല. ഈ സമയത്ത് ഇവിടെയെത്തിയ ഗസ്സാമ പക്ഷെ സ്വന്തം ജീവസുരക്ഷ പോലും ചിന്തിക്കാതെ കെട്ടിടത്തിന്റെ ബാല്‍ക്കണികളിലൂടെ ഒന്നില്‍നിന്ന് ഒന്നിലേക്കു ചാടിക്കയറി കുട്ടിയെ രക്ഷപ്പെടുത്തി.
കുടിയേറ്റക്കാരോടുള്ള അസഹിഷ്ണുത വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് സംഭവം മിനിറ്റുകള്‍ക്കകം സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. ഈ ധീരകൃത്യത്തെ ഫ്രാന്‍സ് ഒന്നടങ്കം ഹൃദയം തുറന്ന് അഭിനന്ദിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൊട്ടാരത്തിലേക്കു ക്ഷണിച്ചാണ് ഗസ്സാമയോട് നന്ദി അറിയിച്ചത്. ധീരതയ്ക്കുള്ള മെഡലും മാക്രോണ്‍ സമ്മാനിച്ചു. കൂടാതെ ഫ്രഞ്ച് അഗ്നിശമന സേനാ വിഭാഗത്തില്‍ ജോലിയും ഉറപ്പാക്കി. എന്നാല്‍, എല്ലാത്തിനെക്കാളും ഗസ്സാമയ്ക്ക് ഏറ്റവും സന്തോഷം പകര്‍ന്നുകൊണ്ട് ഫ്രഞ്ച് പൗരത്വവും ഭരണകൂടം അദ്ദേഹത്തിനു വാഗ്ദാനം ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."