ഉത്തര്‍പ്രദേശില്‍ നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം. നോയിഡയിലെ 19കാരനായ മനീഷ് ഖാരിയെന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ആക്രമണമുണ്ടായത്. ഗ്രേറ്റര്‍ നോയിഡയിലെ ഒരുമാളിനടുത്ത് വച്ചാണ് ജനക്കൂട്ടം നൈജീരിയക്കാരായ വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ചത്.
മനിഷ് ഖാരിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അതേസമയം മനിഷിന്റെ മരണകാരണം അമിതമായ മയക്കുമരുന്ന് ഉപയോഗമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. പ്രദേശത്ത് മയക്കുമരുന്ന് എത്തിക്കുന്നത് ഇവരാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിദ്യാര്‍ഥികളെ ആക്രമിച്ച അഞ്ചുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് നിരവധിപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം നൈജീരിയന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും തന്നെ വന്നുകണ്ട നൈജീരിയന്‍ ഹൈകമ്മിഷനര്‍ക്ക് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ഉറപ്പ് നല്‍കി. സംഭവത്തില്‍ നൈജീരിയന്‍ വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിച്ചു.
ഉത്തര്‍പ്രദേശിലെ വിവിധ സര്‍വകലാശാലകളിലും കോളജുകളിലും ഒട്ടേറെ ആഫ്രിക്കന്‍ വംശജരായ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."