ദലൈലാമയുടെ സന്ദര്‍ശനം: ഉപാധികളുമായി ഉള്‍ഫ
ഗുവാഹത്തി: അടുത്തമാസം അസം സന്ദര്‍ശിക്കുന്ന ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്കുമുന്നില് ഉപാധികളുമായി നിരോധിത ഭീകര സംഘടനയായ യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം. ലാമ അസം സന്ദര്‍ശിക്കുമ്പോള്‍ തങ്ങള്‍ക്ക് ചില ഉപാധികള്‍ മുന്നോട്ടുവയ്ക്കാനുണ്ട്. അസമിന്റെ മണ്ണില്‍ ചൈനക്കെതിരേ വ്യക്തിപരമായോ പൊതുവായോ സംസാരിക്കാന്‍ പാടില്ലെന്നാണ് ഉള്‍ഫ ഭീകരര്‍ മുന്നോട്ടുവച്ച ഉപാധി. ഉള്‍ഫ ചെയര്മാന് അഭിജീത് അസോം ദലൈലാമക്ക് അയച്ച തുറന്ന കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.
ചൈനയും അസമും സൗഹൃദത്തിലാണ്. ഇരുവര്‍ക്കും ഭാഷാപരമായും സാംസ്കാരികമായും ഒട്ടേറേ സാമ്യമുണ്ട്. അസമിന്റെ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ അനുകമ്പ പിടിച്ചുപറ്റുന്നതിനായി ചൈനക്കെതിരായി എന്തെങ്കിലും പറഞ്ഞാല്‍ അത് തങ്ങള്‍ക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചൈനീസ് സര്‍ക്കാര്‍ നേരത്തെതന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അസം, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."