ജാഗ്രത വാക്കില്‍ മാത്രം; കുറ്റ്യാടി ടൗണില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു
കുറ്റ്യാടി: പകര്‍ച്ചപ്പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും കുറ്റ്യാടി ടൗണിലും പരിസരത്തും മാലിന്യം നിറയുന്നു. തൊട്ടില്‍പ്പാലം റോഡ്, ബസ്സ്റ്റാന്‍ഡ് പരിസരം, മാര്‍ക്കറ്റ്, റിവര്‍ റോഡ്, ടൗണിലെ ഒഴിഞ്ഞ കെട്ടിടങ്ങള്‍ക്ക് പുറകില്‍ എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത്. പകര്‍ച്ചവ്യാധികളെ തൊട്ട് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന ആരോഗ്യവകുപ്പ് അധികൃതരുടെ ശക്തമായ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കെയാണിത്.
തൊട്ടില്‍പ്പാലം റോഡരികില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. മരുതോങ്കര റോഡിലും ഓവുചാലിലുമായി ഇതുപോലെ ചാക്കില്‍കെട്ടിവച്ചിട്ടുണ്ട്. ടൗണില്‍ യതീഖാന ഓഫിസിന് മുന്‍വശത്തെ ഒഴിഞ്ഞ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഇടവഴിയിലാണ് അലക്ഷ്യമായ മാലിന്യനിക്ഷേപമുള്ളത്. റിവര്‍റോഡില്‍ ഇതരസംസ്ഥാന തൊഴിലാളികല്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ പരിസരത്താണ് വന്‍തോതില്‍ മാലിന്യമുള്ളത്. മാലിന്യം കുമിയുന്നതുകാരണം ഇവിടെ കൊതുകുശല്യവും വര്‍ധിക്കുകയാണ്. വ്യാപാരികള്‍ക്ക് കടയിലിരിക്കാനോ സമീപത്തെ വീട്ടിലുള്ളവര്‍ക്ക് അന്തിയുറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. ആക്രിക്കച്ചവടക്കാരുടെ താവളവും റിവര്‍ റോഡിലാണ്. ഇവിടെ കൊണ്ടിടുന്ന പഴയസാധനങ്ങളില്‍ വെള്ളം നിറഞ്ഞതും വന്‍തോതിലുള്ള കൊതുകു ശല്യത്തിന് ഇടവരുത്തുണ്ട്. പഞ്ചായത്തോ ആരോഗ്യവകുപ്പോ കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കത്തതാണ് ടൗണില്‍ മാലിന്യം നിറയാന്‍ ഇടയാക്കുന്നതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."