ശക്തമായ കാറ്റ്; മരംവീണ് വീടുകള്‍ക്ക് നാശനഷ്ടം
നാദാപുരം: തിങ്കളാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചേലക്കാട് നരിക്കാട്ടേരി ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. മരങ്ങള്‍ പൊട്ടി വീണ് അഞ്ചുവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ബ്ലോക്ക് മണ്ടോടി ബഷീര്‍, ചേലക്കാട് പാറക്കെട്ടില്‍ ജാനു, ചെട്ടിയാം വീട്ടില്‍ രാധ, കരയത്ത് ആയിഷ, പറമ്പത്ത് സി.എച്ച് ഫൈസല്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളിലാണ് മരംവീണത്. അപകടത്തില്‍ ജാനുവിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. രാധയുടെ വീടിന്റെ മേല്‍ക്കൂരക്കാണ് നാശം സംഭവിച്ചത്. തെക്കയില്‍ രതീഷിന്റെ ഓട്ടോറിക്ഷ, പാറമ്മല്‍ വിവേക്, രാജേഷ് എന്നിവരുടെ ബൈക്കുകളും മരംവീണ് നശിച്ചു. അയല്‍വീട്ടിലെ പ്ലാവ് പൊട്ടി വീണാണ് ബഷീറിന്റെ വീട് തകര്‍ന്നത്. സണ്‍ഷേഡ്, വെള്ളടാങ്ക്, പൈപ്പുകള്‍ എന്നിവ പൊട്ടി. ചേലക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പ്ലാവ് മുറിച്ചു മാറ്റിയത്. നരിക്കാട്ടേരിയിലെ കരയത്ത് ആയിഷയുടെ വീടിനു മുകളില്‍ പുളിമരം മുറിഞ്ഞുവീണു വീട് ഭാഗികമായും, ശൗചാലയം പൂര്‍ണമായും തകര്‍ന്നു. വളയത്ത് രണ്ട് വീടുകള്‍ക്ക് മരം വീണ് കേടു പാടുകള്‍ സംഭവിച്ചു. വളയം ചെറുമോത്ത് ആശാരിന്റെവിടെ ഹമീദിന്റെ വീടിനു മുകളിലേക്ക് ഞാവല്‍ മരം വീഴുകയായിരുന്നു. സി.കെ അബൂട്ടി ഹാജിയുടെ പറമ്പിലെ തേക്കിന്‍ മരവും കാറ്റില്‍ നിലംപൊത്തി.
കക്കട്ടില്‍: കനത്ത മഴയിലും, കാറ്റിലും മരം വീണ് നരിപ്പറ്റയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. പതിനാലാം വാര്‍ഡിലെ ചെവിട്ടുപാറക്കടുത്ത ചെമ്പറയില്‍ കുഞ്ഞിയേക്കുവിന്റെ വീടും, പന്ത്രണ്ടാം വാര്‍ഡില്‍ പെട്ട മണിയൂര്‍ താഴയിലെ പാറയുള്ള പറമ്പത്ത് മനോജന്റെ വീടുമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തകര്‍ന്നത്. ഓടുവീണ് കുഞ്ഞിയേക്കുവിന്റെ ഭാര്യ ലീല (56) യുടെ തലക്ക് പരുക്കേറ്റു. കുഞ്ഞിയേക്കുവും ലീലയും മകനും മകന്റെ ഭാര്യയുമടക്കമുള്ളവര്‍ ഉറങ്ങികിടക്കുമ്പോഴാണ് അപകടം.
വടകര: തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ മരം മുറിഞ്ഞുവീണു. അഴിത്തലയില്‍ പരുത്തിക്കണ്ടി രാഘവന്റെ പീടികക്ക് സമീപത്താണ് റോഡിനു കുറുകെ മരംവീണു ഗതാഗതം തടസപ്പെട്ടത്. ആളപായമില്ല. നാട്ടുകാര്‍ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
എടച്ചേരി: എടച്ചേരിയില്‍ കൂറ്റന്‍ പനമരം മുറിഞ്ഞുവീണ് ഇരുനില വീട് ഭാഗികമായി തകര്‍ന്നു. പുതിയങ്ങാടി ടൗണിനു സമീപത്ത് താമസിക്കുന്ന മീത്തീന്റവിട നാസറിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."