കൊയിലാണ്ടി തീരദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം: ഏഴ് വഞ്ചികള്‍ തകര്‍ന്നു
കൊയിലാണ്ടി: കൊയിലാണ്ടി തീരപ്രദേശത്ത് ഇന്നലെയുണ്ടായ കടല്‍ക്ഷോഭത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടി ബീച്ച്, വിരുന്നു കണ്ടി, ഗുരുകുലം ബീച്ച്, ഏഴു കുടിക്കല്‍, പൊയില്‍കാവ്, കാപ്പാട് എന്നീ തീരദേശ ഭാഗങ്ങളിലാണ് ശക്തമായ കടല്‍ക്ഷോഭമുണ്ടായത്.
ഗുരുകുലം ബീച്ചില്‍ തണ്ണീംമുഖത്ത് വലിയ പുരയില്‍ ശ്രീജിത്തിന്റെ വീട് തെങ്ങുവീണ് തകര്‍ന്നു. കൊയിലാണ്ടി ഹാര്‍ബറില്‍ ശക്തമായ കാറ്റില്‍ പെട്ട് ഏഴ് ബോട്ടുകള്‍ തകര്‍ന്ന നിലയിലാണ്. ഇന്നലെ കാലത്ത് ആഞ്ഞുവീശിയ കാറ്റിലാണ് ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന നിവേദ്യ, പ്രണവം, തിരുവാണി, ശിവ കീര്‍ത്തനം, വിവേകാനന്ദ, സാരംഗി എന്നീ വള്ളങ്ങള്‍ ഭാഗികമായി തകര്‍ന്നത്. കാലത്തായതിനാല്‍ മറ്റ് വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികളെത്തി സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. രാത്രിയിലാണ് കാറ്റ് വീശിയതെങ്കില്‍ നിരവധി വള്ളങ്ങള്‍ തകരുമായി രുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടല്‍ ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്നത് തീരദേശവാസികളുടെ നീണ്ട കാലത്തെ ആവശ്യമാണ്.
നൂറ് കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഈ ഭാഗങ്ങളില്‍ ആശങ്കയില്‍ കഴിയുന്നത്. കൊയിലാണ്ടി തഹസില്‍ദാര്‍ പി. പ്രേമന് നഗരസഭാ ചെയര്മാന് കെ. സത്യന് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. കടല്‍ക്ഷോഭം നേരിടുന്ന തീരമേഖലയില്‍ സന്ദര്‍ശനം നടത്തിയ തഹസില്‍ദാര്‍ കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ ഭിത്തി കെട്ടാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."