യാത്രാക്ലേശം: വാളാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്
മാനന്തവാടി: മക്കികൊല്ലി, പുഞ്ചക്കടവ്, മുതിരേരി, കുളതാട റൂട്ടിലെ യാത്ര പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. നിലവില്‍ സര്‍വിസ് നിര്‍ത്തിവച്ച കെ.എസ്.ആര്.ടി.സി ബസ് പുനരാരംഭിച്ചില്ലങ്കില്‍ ജൂണ്‍ ഒന്നിന് ശേഷം പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് വാളാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റോഡ് പണിയുടെ പേര് പറഞ്ഞ് കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ഈ ഭാഗത്തേക്ക് സര്‍വിസ് നടത്തിവന്ന കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് നിര്‍ത്തിയിരിക്കുകയാണ്.
നിരവധി തവണ കെ.എസ്.ആര്.ടി.സി അധികൃതരെ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്ന പരിഹാരത്തിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്കൂള്‍ തുറക്കുന്നതോടെ യാത്രക്ലേശം കൂടുതല്‍ രൂക്ഷമാകും. ജൂണ്‍ ഒന്നിന് മുമ്പ് സര്‍വിസ് പുനരാരംഭിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസീസ് വാളാട്, മനോജ് കളരിക്കല്‍, റിജോയി നടുത്തോട്ടത്തില്‍, മനോജ് നെല്ലിക്കുന്നേല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."