റഫറിയെ അസഭ്യം പറഞ്ഞു; ലയണല്‍ മെസ്സിക്ക് നാലു മത്സരങ്ങളില്‍ വിലക്ക്
സൂറിച്ച്: ബാഴ്സലോണ സൂപ്പര്‍ താരവും അര്‍ജന്റീന നായകനുമായ ലയണല്‍ മെസ്സിക്ക് നാലു ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിലക്ക്. കഴിഞ്ഞ ദിവസം ചിലിക്കെതിരേ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണു ഫിഫ സൂപ്പര്‍ താരത്തിനെതിരേ നടപടി എടുത്തത്.
ബ്രസീലിയന്‍ റഫറി വിഷയത്തില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും മത്സരത്തിന്റെ വീഡിയോ കണ്ട ശേഷമാണു ഫിഫ അച്ചടക്ക സമിതി മെസ്സിക്കു വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 10,000 സ്വിസ് ഫ്രാങ്ക് പിഴയും ചുമത്തിയിട്ടുണ്ട്. അതേസമയം ഈ വിഷയത്തില്‍ അപ്പീല്‍ നല്കാന് അര്‍ജന്റീന സോക്കര്‍ ഫെഡറേഷനും മെസ്സിയും തീരുമാനിച്ചിട്ടുണ്ട്.
ബ്യൂണസ് ഐറിസിലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണു സംഭവം. 1-0ത്തിനു അര്‍ജന്റീന വിജയിച്ച മത്സരത്തിനിടെയാണു തനിക്കെതിരേ ഫൗള്‍ വിളിച്ചതിനെ തുടര്‍ന്നു താരം അസിസ്റ്റന്റ് റഫറിക്കെതിരേ ക്ഷുഭിതനായി അസഭ്യം വിളിച്ചു പറഞ്ഞത്. മത്സര ശേഷം റഫറിക്ക് ഹസ്തദാനം ചെയ്യാന്‍ മെസ്സി മടിച്ചതും വിവാദമായി. മെസ്സി റഫറിയെ അസഭ്യം പറയുന്നതും കൈയുയര്‍ത്തി രോഷാകുലനായി സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. റഫറിയെ മെസ്സി അപമാനിച്ചതായും ചുവപ്പു കാര്‍ഡ് കിട്ടേണ്ട സംഭവങ്ങളാണു കളത്തില്‍ അരങ്ങേറിയതെന്നും അന്താരാഷ്ട്ര സോക്കര്‍ ബോഡി വ്യക്തമാക്കി.
പുലര്‍ച്ചെ നടന്ന ബൊളീവിയക്കെതിരായ മത്സരം താരത്തിനു നഷ്ടമായി. ഈ മാസം 31നു ഉറുഗ്വെക്കെതിരെയും സ്വന്തം മണ്ണില്‍ സെപ്റ്റംബര്‍ അഞ്ചിനു വെനസ്വലെക്കെതിരേയും ഓക്ടബോര് അഞ്ചിനു പെറുവിനെതിരേയും അര്‍ജന്റീന ഇനി മത്സരിക്കാനിറങ്ങുന്നുണ്ട്. ഈ നാലു മത്സരങ്ങളാണു താരത്തിനു നഷ്ടമാകുക. അഞ്ചു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ അര്‍ജന്റീന നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. ഇനിയും ലോകകപ്പ് യോഗ്യത ഉറപ്പാക്കാന്‍ സാധിക്കാത്ത നിലവിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് മെസ്സിയുടെ അഭാവം തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."