പ്രണബ് ആര്‍എസ്എസ് ആസ്ഥാനത്തെത്തും; ഒന്നും മിണ്ടാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ജൂണ്‍ ഏഴിനു നാഗ്പൂരിലെ ആര്‍.എസ്.എസ് ക്യാംപിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍നിന്നു കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി പിന്‍മാറില്ലെന്നു സൂചന.
ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെയാണ് പ്രണബിന്റെ തീരുമാനമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത് തന്റെ നിലപാട് വ്യക്തമാക്കാനാണ് പ്രണബിന്റെ തീരുമാനമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതോടെ പ്രണബ് ക്യാംപില്‍ പങ്കെടുത്ത് എന്തു പറയുമെന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തു നടന്നുവരുന്ന സംഘ് ശിക്ഷാ വര്‍ഗ് എന്ന ക്യാംപിന്റെ സമാപന സമ്മേളനത്തിലാണ് മുഖ്യാതിഥിയായി പ്രണബിനെ ക്ഷണിച്ചിരിക്കുന്നത്. 20 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാംപ് അടുത്തമാസം ഏഴിനാണ് സമാപിക്കുക.
ആര്‍.എസ്.എസ്സിന്റെ സവിശേഷമായ രണ്ട് പ്രാഥമിക പരിശീലനങ്ങള്‍ ലഭിച്ചവര്‍ക്കുള്ളതാണ് മൂന്നാമത്തെ പരിശീലനകളരിയായ സംഘ് ശിക്ഷാ വര്‍ഗ്.
പ്രണബിന്റെ തീരുമാനം കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. ഇതേപറ്റി എന്തെങ്കിലും പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയാറായിട്ടില്ല. ആര്‍എസ്എസ് ആസ്ഥാനത്തേക്കുള്ള പ്രണബിന്റെ യാത്രയെ സംബന്ധിച്ച് അഭിപ്രായപ്രകടനത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."