കെവിന്റെ മരണം; രണ്ടു പൊലിസുകാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍
കോട്ടയം: പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ എസ്.എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി.ജോസഫ് കൊല്ലപ്പെട്ട കേസില്‍ രണ്ടു പൊലിസുകാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ബിജു, പൊലിസ് ജീപ്പ് ഡ്രൈവര്‍ എന്നിവരെയാണ് ഐജി വിജയ് സാര്‍ഖറെ സസ്‌പെന്റ് ചെയ്തത്. മുഖ്യപ്രതി സാനുവിനെ രാത്രി പെട്രോളിംഗിനിടെ എഎസ്‌ഐ ബിജു തടഞ്ഞുനിര്‍ത്തിയെങ്കിലും വിട്ടയച്ചിരുന്നു.
അതേസമയം കെവിന്റെ മരണവുമായി ബന്ധപ്പെട്ട് എഎസ്‌ഐ ബിജുവും പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായി. കെവിന്റെ ഭാര്യ സഹോദരന്‍ സാനു ചാക്കോയോടാണ് എഎസ്‌ഐ ബിജു സംസാരിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭാഷണം നടന്നത്
സംഭാഷണത്തില്‍നിന്ന്
സാനു: സാറേ. മറ്റവന്‍ നമ്മുടെ കയ്യില്‍നിന്നു ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും.
പൊലിസ് : അവനെവിടുന്നാണ് ചാടിപ്പോയത്? അങ്ങ് എത്തിയാണോ പോയത്.
സാനു: എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ വേണം. പിന്നെ സാറിന്... ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം. പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം.
പൊലിസ്: ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും അടിച്ച് പൊളിച്ചിട്ടുണ്ട്.
സാനു: കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ, കൊച്ചിനോടൊന്നു പറഞ്ഞു... തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍ തരിക. ഞാന്‍ കാലു പിടിക്കാം.
പൊലിസ്: എന്നെക്കൊണ്ടാകുന്നതു ഞാന്‍ ചെയ്തു തരാം
സാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.
പൊലിസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."