വിള ഇന്‍ഷുറന്‍സ്; 15 ദിവസത്തിനകം അപേക്ഷിക്കണം
കല്‍പ്പറ്റ: പുനരാവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം നഷ്ടപരിഹാരം ലഭിക്കാന്‍ 15 ദിവസത്തിനകം അപേക്ഷിക്കണമെന്ന് നിര്‍ദേശം. നിര്‍ദിഷ്ട ഫോറത്തില്‍ കൃഷിഭവനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
നാശംസംഭവിച്ച വിളകള്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുംവരെ അതേപടി നിലനിര്‍ത്തണം. അപേക്ഷ ലഭിച്ച് അഞ്ചു ദിവസത്തിനകം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം കണക്കാക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. അനുവദിക്കുന്ന നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ട് വഴി കര്‍ഷകര്‍ക്ക് നേരിട്ടാണ് കൈമാറുക. വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌കരിച്ചും നഷ്ടപരിഹാരം വര്‍ധിപ്പിച്ചും ഈ മാസം 22നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
അരലക്ഷം രൂപക്ക് മുകളില്‍ നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യേണ്ടത് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറാണ്. കൃഷി അസിസ്റ്റന്റിന് 500രൂപവരെയും ഓഫിസര്‍ക്ക് 501 മുതല്‍ 3000 വരെയുംഅസിസ്റ്റന്റ് ഡയറക്ടര്‍ക്ക് 3001 മൂതല്‍ 10,000വരെയും ഡെപ്യൂട്ടി ഡയരക് ടര്‍ക്ക് 10,001 മുതല്‍ 50,000 രൂപ വരെയുംനഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യാം. തെങ്ങ്, വാഴ, റബര്‍, കുരുമുളക്, കവുങ്ങ്, ഏലം, കശുമാവ്, കൈതച്ചക്ക, കാപ്പി, ഇഞ്ചി, തേയില, മരച്ചീനി, മഞ്ഞള്‍, കൊക്കൊ, നിലക്കടല, എള്ള്, പച്ചക്കറി, ജാതി, ഗ്രാമ്പു, വെറ്റില, പയര്‍വര്‍ഗങ്ങള്‍, ചേന, മധുരക്കിഴങ്ങ്, കരിമ്പ്, പുകയില, നെല്ല് എന്നിവയാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. ഇന്‍ഷുര്‍ ചെയ്ത വിളകള്‍ വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യജീവി ആക്രമണം എന്നിവ മൂലം പൂര്‍ണമായി നശിച്ചാലാണ് നഷ്ടപരിഹാരത്തിന് അര്‍ഹത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."