പടനിലത്ത് പുതിയപാലം വരുന്നു:അഞ്ചരക്കോടിയുടെ പദ്ധതിക്ക് ഭരണാനുമതി
കുന്ദമംഗലം: കുന്ദമംഗലം-കൊടുവള്ളി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നആരാമ്പ്രം, നരിക്കുനി, ബാലുശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയായ പടനിലത്ത് പഴയ പാലത്തിന് സമീപം പുതിയ പാലം നിര്‍മിക്കുന്നു.
പാലം നിര്‍മാണത്തിന് അഞ്ചരക്കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. പി.ടി.എ റഹിം എം.എല്‍.എ അറിയിച്ചു. 1968ല്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ടി.പി ജോസഫ് തറക്കല്ലിട്ട് 1969 സെപ്റ്റംബര്‍ 27ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.കെ ദിവാകരന് ഉദ്ഘാടനം ചെയ്ത പടനിലം പാലം കാലപ്പഴക്കം കൊണ്ട് തകര്‍ന്നിരിക്കുകയാണ്. നിലവിലെ പാലത്തിന് നാലു മീറ്റര്‍ മാത്രമാണ് വീതി. വളരെ വീതികുഞ്ഞ ഇവിടെ ഒട്ടേറെ അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
ഒരു ഭാഗത്തുനിന്ന് വലിയ വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ മറുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടേണ്ടി വരികയും ഇത് ഗതാഗതതടസത്തിന് ഇടയാക്കുന്നതും പതിവാണ്. 2016ലാണ് പടനിലത്ത് പുതിയ പാലം നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കി ഗവണ്മെന്റിന് സമര്‍പ്പിച്ചത്. പാലം പണി പൂര്‍ത്തിയാകുന്നതോടെ ആരാമ്പ്രം, നരിക്കുനി, ബാലുശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് പരിഹാരമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."