പെരിന്തല്‍മണ്ണ -വളാഞ്ചേരി റൂട്ടിനെ കെ.എസ്.ആര്.ടി.സി കൈയൊഴിയുന്നു
പെരിന്തല്‍മണ്ണ: യാത്രക്കാരെ ദുരിതത്തിലാക്കി ഏറെ തിരക്കേറിയ പെരിന്തല്‍മണ്ണ-വളാഞ്ചേരി റൂട്ടിനെ കെ.എസ്.ആര്.ടി.സി കൈയൊഴിയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനപ്രതിനിധികളുടെ നിരന്തര ശ്രമഫലമായാണ് പെരിന്തല്‍മണ്ണയില്‍ നിന്നും പൊന്നാനിയില്‍ നിന്നും എഴു ബസുകള്‍ വീതം പത്തു മിനിട്ടുകള്‍ ഇടവിട്ട് സര്‍വിസ് ആരംഭിച്ചത്. പന്ത്രണ്ടോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കല്‍ കോളജും രണ്ടു കോളജുകളും ഉള്‍ക്കൊള്ളുന്ന ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് ഇതുവലിയ ഉപകാരമായിരുന്നു.
എന്നാല്‍ കൃത്യമായ സമയം പാലിക്കാതെ പല ബസുകളും സ്വകാര്യ ബസുകള്‍ക്കു മുന്നിലും പിന്നിലുമായി സര്‍വിസ് നടത്തിയതുമൂലം ഷെഡ്യൂളുകള്‍ ഓരോന്നായി മറ്റു റൂട്ടുകളിലേക്കു മാറ്റിയതോടെ ഈ റൂട്ടിലെ യാത്രക്കാരുടെ അവസ്ഥ പഴയപടിയായി. കെ.എസ്.ആര്.ടി.സിയുടെ പ്രതാപകാലത്ത് ഈ റൂട്ടിലെ പല സ്വകാര്യ ബസുകളും പിന്‍വാങ്ങിയതും ദേശസാല്‍കൃത റൂട്ടായതിനാല്‍ സ്വകാര്യ ബസുകള്‍ക്കു പുതിയ പെര്‍മിറ്റ് നല്‍കാത്തതും തിരക്കേറിയ സമയമായ രാവിലെയും വൈകിട്ടുമുള്ള കെ.എസ്.ആര്.ടി.സിയുടെ പല സര്‍വിസുകളും ഏറെ ഉപകാരപ്രദമായിരുന്നു.
എന്നാല്‍ സര്‍വിസുകള്‍ കെ.എസ്.ആര്.ടി.സി ഒഴിവാക്കിയതും ഇപ്പോള്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്യുന്നതോടെ പല സമയങ്ങളിലും അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. രാത്രി എട്ടിന് ശേഷം പെരിന്തല്‍മണ്ണയില്‍നിന്നു വളാഞ്ചേരിയിലേക്കു ബസുകള്‍ ഇല്ലാത്തത് രാത്രികാല യാത്രക്കാരെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."