കുടിവെള്ളം കിട്ടാതെ തീരദേശം; ആശ്രയം സന്നദ്ധ പ്രവര്‍ത്തകരുടെ കുടിവെള്ള വിതരണം
പൊന്നാനി: കുടിവെള്ളം കിട്ടാതെ ജില്ലയിലെ തീരദേശത്തെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തില്‍. കനത്ത വേനലില്‍ കുടിവെള്ളം കിട്ടാതെ പരക്കം പായുകയാണ് ജനം. വിവിധ സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ജലമാണ് ഏക ആശ്രയം.
പൈപ്പില്‍ വളരെ അപൂര്‍വമായാണ് വെള്ളം വരുന്നത്. ചിലപ്പോള്‍ വരുന്നതാകട്ടെ കുടിക്കാന്‍ പറ്റാത്ത വെള്ളവും. തീരപ്രദേശത്തെ കിണറുകളില്‍ ഇപ്പോള്‍ ലഭിക്കുന്നത് കുടിക്കാനോ പാചകം ചെയ്യാനോ കുളിക്കാനോ കഴിയാത്ത പുളിവെള്ളമാണ്. മറ്റൊരു മാര്‍ഗമില്ലാത്തതിനാല്‍ പലരും ഈ വെള്ളം ഉപയോഗിച്ച് തന്നെയാണ് കുളിക്കുന്നത്. കാപ്പിരിക്കാട് മുതല്‍ പൊന്നാനി തീരം വരെയും പൊന്നാനി മുതല്‍ ബേപ്പൂര്‍ വരെയുള്ള തീരങ്ങളിലും ഇതാണ് സ്ഥിതി.
പൊന്നാനിയുടെ വിവിധ തീരപ്രദേശങ്ങളില്‍ വിവിധ സംഘടനകള്‍ നല്‍കുന്ന കുടിവെള്ളം മാത്രമാണ് ഇപ്പോള്‍ ഏക ആശ്രയം. ഇവരുടെ വെള്ളത്തിനായി നാട്ടുകാരുടെ നീണ്ട ക്യൂ തന്നെയുണ്ടാകും. കാഞ്ഞിരപ്പുഴ ഡാം തുറന്നപ്പോള്‍ ഭാരതപ്പുഴയില്‍ അല്‍പ്പം വെള്ളം നിറയുകയും ഭാരതപ്പുഴയിലെ ജലം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് നേരിയ ആശ്വാസം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചയോളമായി കാഞ്ഞിരപ്പുഴ ഡാമില്‍നിന്നും തുറന്നുവിട്ട വെള്ളം ഭാരതപ്പുഴയിലെ ശുദ്ധജല വിതരണ കിണറുകളിലേക്ക് തിരിച്ചുവിടാനോ താല്‍ക്കാലിക തടയണ കെട്ടി സംരക്ഷിച്ച് നിര്‍ത്തുന്നതിനോ അധികൃതര്‍ തയാറായില്ല.
ഇതോടെയാണ് ഭാരതപ്പുഴയെ ആശ്രയിക്കുന്ന വിവിധ ജലപദ്ധതികള്‍ക്ക് കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്.
പാലക്കാട് ജില്ലയിലെ തെക്കേ അറ്റത്തുള്ള കാഞ്ഞിരപ്പുഴ ഡാമിലെ ഏതാനും ഷട്ടറുകള്‍ തുറന്നിട്ടത് ആഴ്ചകള്‍ക്ക് മുന്‍പാണ്. ഒരാഴ്ചയോളം മുടങ്ങാതെ പമ്പിങ് നടക്കുകയും ചെയ്തു. എന്നാല്‍ കടുത്ത കുടിവെള്ള ക്ഷാമം കണക്കിലെടുത്ത് ഇവിടെ ഒഴുകിയെത്തുന്ന വെള്ളം താല്‍ക്കാലിക തടയണ കെട്ടി തടഞ്ഞ് കുടിവെള്ള വിതരണം നടത്തുന്ന പുഴയിലെ കിണറുകളിലേക്ക് തിരിച്ചുവിടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇത്തരത്തില്‍ ഒഴുകിയെത്തിയ വെള്ളം ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജ് വഴി കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. തീരദേശത്ത് മാത്രമല്ല പുഴയിലേ വെള്ളത്തെ ആശ്രയിക്കുന്ന പൊന്നാനി താലൂക്കിലെ തവനൂര്‍ ,കാലടി, എടപ്പാള്‍, വട്ടംകുളം, ആലങ്കോട്, നന്നംമുക്ക്, പഞ്ചായത്തുകളിലും തിരൂര്‍ താലൂക്കിലും ശുദ്ധജലം മുടങ്ങിയ നിലയിലാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."