'നിര്‍മാണ പ്രവൃത്തിക്കുള്ള വെള്ളവും കുടിവെള്ളവും ഒരേ ടാങ്കറില്‍ വിതരണം ചെയ്യരുത്'
പള്ളിക്കല്‍: റോഡ് പണിക്കുള്പ്പെടെ നിര്‍മാണ പ്രവൃത്തി നടത്തുന്നതിനുള്ള വെള്ളവും കുടി വെള്ളവും ഒരേ ടാങ്കറില്‍ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. ഹോട്ടലുകളിലേക്കും ഹോസ്റ്റലുകളിലേക്കും കൂടാതെ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വീടുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിലെ അതേ ടാങ്കില്‍ തന്നെ കുളത്തില്‍ നിന്നും മറ്റും വെള്ളം ശേഖരിച്ച് കോണ്‍ക്രീറ്റ് പ്രവൃത്തിക്കും മറ്റു നിര്‍മാണ പ്രവൃത്തികള്‍ക്കായും വൃത്തി ഹീനമായ വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇത് മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പള്ളിക്കലിന്റെ തൊട്ടടുത്ത പെരുവള്ളൂര്‍ പഞ്ചായത്തില്‍ നിരവധി പേര് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇത്തരം ടാങ്കറുകളില്‍ കുടിവെള്ളമെന്ന് പ്രത്യേകം എഴുതി വെക്കണമെന്ന ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ടെങ്കിലും പലരും നിര്‍ദേശം പാലിക്കാതെയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. അധികൃതരുടെ നിര്‍ദേശം ലംഘിച്ച് ഗുണമേന്മയില്ലാത്ത കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ പേരില്‍ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."