തേക്ക് ഡിപ്പോയില്‍ വന്‍ തട്ടിപ്പ് തടികള്‍ അട്ടിവെച്ചതില്‍ സര്‍ക്കാരിന് നഷ്ടമായത് 41.5 ലക്ഷം
നിലമ്പൂര്‍: നെടുങ്കയം ഡിപ്പോയില്‍ തേക്ക് തടികള്‍ അട്ടിവെച്ചതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായത് 41.5 ലക്ഷം. കരുളായി റെയ്ഞ്ചിലെ 1951 കാഞ്ഞിരക്കടവ് തേക്ക് പ്ലാന്റേഷനില്‍ 1960 പുലിമുണ്ട ബീറ്റ് ഒന്ന്, ബീറ്റ് രണ്ട് തേക്ക് പ്ലാന്റേഷനുകളിലെ അടക്കിമുറി പ്രവൃത്തികളില്‍ നിന്നു ഡിപ്പോയില്‍ എത്തിച്ച 8000 ഘനമീറ്ററോളം തേക്ക് തടികള്‍ നെടുങ്കയം ഡിപ്പോയില്‍ അട്ടിവെച്ച പ്രവൃത്തിയിലാണ് സര്‍ക്കാരിന് 41.5 ലക്ഷം രൂപ നഷ്ടമായത്. ഈ തേക്ക് പ്ലാന്റേഷനുകളില്‍ അടക്കിമുറി പ്രവൃത്തി ടെന്‍ഡര്‍ ചെയ്തപ്പോള്‍ ഡിപ്പോയില്‍ മരം അട്ടിവെക്കുന്നതിന് ഘനമീറ്ററിന് 29.30 രൂപ ഉള്‍പ്പെടുത്തിയാണ് സി.സി.എഫ് കരാര്‍ ഉറപ്പിച്ചത്. എന്നാല്‍ കരാറുകാര്‍ ഡിപ്പോയില്‍ മരം അട്ടിവെക്കുന്നതില്‍ നിന്നും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പിന്‍വാങ്ങുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഡിപ്പോ റെയ്ഞ്ച് ഓഫിസര്‍ ഘനമീറ്ററിന് 656രൂപ പ്രകാരം എസ്റ്റിമേറ്റ് തയാറാക്കി സി.സി.എഫിന് അയക്കുകയും അദ്ദേഹം അനുമതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഘനമീറ്ററിന് 626 പ്രകാരം 8000 ഘനമീറ്ററോളം മരങ്ങള്‍ അട്ടിവെച്ച ഇനത്തിലാണ് വന്‍ തുക സര്‍ക്കാരിന്‍ നഷ്ടമായത്. അടക്കിമുറി പ്രവൃത്തി നടത്തിയ കരാറുകാരന്‍ എസ്റ്റിമേറ്റ് പ്രകാരം ഡിപ്പോയില്‍ മരങ്ങള്‍ അട്ടിവെച്ചിരുന്നെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും കിട്ടില്ലെന്നുള്ള തിരിച്ചറിവാണ് കരാറുകാരനെ അട്ടിവെക്കുന്നതില്‍ നിന്നും പിന്‍വലിപ്പിക്കാനിടിയായതെന്ന് സൂചനയുണ്ട്. കരാറുകാരന്‍ പിന്‍വലിഞ്ഞതിനാല്‍ പുതിയ കണ്‍വീനറെ ഏല്‍പ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് വരുത്തി തീര്‍ത്താണ് ഈ വന്‍ തട്ടിപ്പ് അരങ്ങേറിയത്.
വര്‍ഷങ്ങളായി ഒരു ആദിവാസി കണ്‍വീനറെ മാത്രമാണ് മാറി മാറി വരുന്ന ഡിപ്പോ റെയ്ഞ്ച് ഓഫിസര്‍മാര്‍ കണ്‍വീനറായി വെക്കുന്നത്. അതിനാല്‍ തന്നെ ബില്ല് മാറുമ്പോള്‍ 60 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. വനം വിജിലന്‍സും ഇവിടെ പരിശോധന നടത്താറില്ല. മുന്‍പ് നിലമ്പൂര്‍ അരുവാക്കോട് ഡിപ്പോയിലും ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ച് നിരവധി പരാതികള്‍ വരികയും വനം വിജിലന്‍സ് സിസിഎഫ് ഉള്‍പ്പെടെ ഡിപ്പോകളില്‍ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്തിട്ടും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."