കണ്ണൂര്‍ സര്‍വകലാശാലയില്‍ കോഴവിവാദം അടിമുടി ബഹളം
കണ്ണൂര്‍: സര്‍വകലാശാലയില്‍ പ്രമോഷന്‍ ലഭിക്കുന്നതിനായി കോണ്‍ഗ്രസ് അനുകൂല സിന്‍ഡിക്കേറ്റംഗം കോഴ ആവശ്യപ്പെട്ടതായി ജീവനക്കാരന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കണ്ണൂര്‍ സര്‍വകലാശാലയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ കൊയിലാണ്ടി മുച്ചുകുന്ന് വിളക്കറോടത്ത് വീട്ടില്‍ വി.എം സ്മിജേഷാണ് പരാതിക്കാരന്‍. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ഇദ്ദേഹം അസിസ്റ്റന്റ് ഗ്രേഡ് തസ്തികക്കാണ് അപേക്ഷിച്ചത്. മൂന്നുവര്‍ഷമായി അര്‍ഹതപ്പെട്ട പ്രമോഷനായി താന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പലതവണ അപേക്ഷ നല്‍കിയിരുന്നുവെന്നും ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ചു ഹരജി നിലവിലുണ്ടെന്നും സ്മിജേഷ് പരാതിയില്‍ പറയുന്നു. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള താന്‍ രാഷ്ട്രീയ കളികളുടെ ഇരയാണ്. സര്‍വകലാശാലയിലെ ചില മേധാവികളും സിന്‍ഡിക്കേറ്റംഗം ബാബുചാത്തോത്തും തന്നോട് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണ്. സിന്‍ഡിക്കേറ്റംഗം പ്രമോഷന്‍ നല്‍കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടു. പ്രമോഷന്‍ അനുവദിക്കണമെന്ന ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും അതനുസരിക്കാത്ത യൂനിവേഴ്‌സിറ്റി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സ്മിജേഷ് ഗവര്‍ണര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍, വിജയന്‍ അടുക്കാടന്‍, പി.ജെ സാജു പ്രസംഗിച്ചു.
പാലയാട് ക്യാംപസില്‍ നിയമപഠന കോഴ്‌സ് തുടരും
കണ്ണൂര്‍: ബാര്‍ കൗണ്‍സിലിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പാലയാട് ലീഗല്‍ സ്റ്റഡീസ് സെന്ററിലുള്ള പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സ് തുടരാനും കാസര്‍കോട് ത്രിവത്സര കോഴ്‌സ് ആരംഭിക്കാനും ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കാസര്‍കോട് ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സ് പുതുതായി ആരംഭിക്കും. സര്‍വകലാശാല ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെ തുടര്‍ന്നുള്ള കുടിശിക നല്‍കാനും തീരുമാനമായി. ഡിഗ്രി ഏകജാല പ്രവേശനവുമായി ബന്ധപ്പെട്ട് കോളജില്‍ നടക്കുന്ന ഇന്റര്‍വ്യൂ ഈമാസം 8,11 തിയതികളിലായി പുന:ക്രമീകരിച്ചു. ഒന്നാംവര്‍ഷ ഡിഗ്രി ക്ലാസുകള്‍ 12ന് ആരംഭിക്കും. ചെര്‍ക്കള മാര്‍ത്തോമ കോളജില്‍ നടന്ന പരീക്ഷാ ക്രമക്കേടില്‍ സ്ഥാപനത്തിന്റെ പങ്ക് ബോധ്യപ്പെട്ടതിനാല്‍ ഈവര്‍ഷത്തെ പ്രവേശനനടപടികള്‍ നിര്‍ത്തിവയ്ക്കും. യു.ജി.സി ഗവേഷകരായ വിദ്യാര്‍ഥികളുടെ ഫെലോഷിപ്പ് കുടിശിക സര്‍വകലാശാല സ്വന്തം ഫണ്ടില്‍ നിന്നും മുന്‍കൂറായി നല്‍കും. ജൂലൈ മുതല്‍ തുക ഗവേഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. കാവാലം നാരായണപണിക്കരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി.
ആരോപണം അടിസ്ഥാനരഹിതം:ബാബു ചാത്തോത്ത്
കണ്ണൂര്‍: അസിസ്റ്റന്റ് ഗ്രേഡായി തസ്തിക ഉയര്‍ത്താന്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ സ്മിജേഷില്‍ നിന്നു കോഴ വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിന്‍ഡിക്കേറ്റംഗം ബാബു ചാത്തോത്ത്. സര്‍വകലാശാല നിയമനങ്ങള്‍ പി.എസ്.സിയാണ് നടത്തുന്നത്. ഇതില്‍ സര്‍വകലാശാല ഭരണസമിതിക്ക് ഇടപെടാനാവില്ല. വിഷയത്തില്‍ ക്രൈംബ്രാഞ്ച് ഉള്‍പ്പെടെ ആരു നടത്തുന്ന അന്വേഷണവും സ്വാഗതം ചെയ്യും. എപ്പോള്‍ എവിടെ വച്ചു കോഴ വാങ്ങിയെന്നു സ്മിജേഷ് വ്യക്തമാക്കണം. പ്യൂണായി ജോലി ചെയ്യുന്ന സ്മിജേഷിന് അസി. ഗ്രേഡ് തസ്തിക ലഭിക്കണമെങ്കില്‍ പി.എസ്.സി പരീക്ഷയെഴുതി ലിസ്റ്റില്‍ വരണം. ഇതു വ്യക്തമാണെന്നിരിക്കെ കോഴ ആരോപണവുമായി മുന്നോട്ടുവരുന്നതില്‍ രാഷ്ട്രീയമുണ്ടെന്നും ബാബു ചാത്തോത്ത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."