ജില്ലയില്‍ കടലാക്രമണം രൂക്ഷമാകുന്നു
കോഴിക്കോട്: കാലവര്‍ഷം എത്തിയതിനൊപ്പം അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും ശക്തിപ്പെട്ടതോടെ ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നു. കൊയിലാണ്ടി ബീച്ച്, വിരുന്നുകണ്ടി, ഗുരുകുലം ബീച്ച്, ഏഴുകുടിക്കല്‍, പൊയില്‍കാവ്, കാപ്പാട് എന്നീ തീരദേശ ഭാഗങ്ങളിലാണു ശക്തമായ കടല്‍ക്ഷോഭമുണ്ടായത്. ഇവിടെ കാറ്റില്‍ ഏഴു ബോട്ടുകള്‍ തകര്‍ന്നു. ജില്ലയിലെ മറ്റിടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അടുത്ത രണ്ടുദിവസം ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ വടക്കന്‍ കേരളത്തിന്റെ തീരത്തോട് ചേര്‍ന്നു രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ടതോടെയാണ് കടലാക്രമണം രൂക്ഷമായത്. മണിക്കൂറില്‍ 45 മുതല്‍ 60 കി.മി വേഗത്തില്‍ വരെ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനായിട്ടില്ല. ഇത് തീരദേശവാസികളെ ദുരിതത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞമാസവും ജില്ലയില്‍ കനത്ത കടലാക്രമണമുണ്ടായിരുന്നു. ഇടക്കിടെയുള്ള കടല്‍ക്ഷോഭങ്ങള്‍ തീരദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. ജില്ലയുടെ തീരപ്രദേശങ്ങളില്‍ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും കടലുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇന്‍കോയിസും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."