സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയ്ക്ക് ഊന്നല്‍ നല്‍കി തിരുന്നാവായ പഞ്ചായത്ത് ബജറ്റ്
തിരുന്നാവായ: സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷനുമായി സഹകരിച്ച് ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കുമായി സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയ്ക്കും പരമ്പരാഗത ജലസ്രോതസുകളുടെ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ മേഖലയിലെ ആധുനികവല്‍ക്കരണത്തിനും ഊന്നല്‍ നല്‍കി തിരുന്നാവായ പഞ്ചായത്ത് ബജറ്റ്.
2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ആനി ഗോഡ്‌ലിഫ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി അധ്യക്ഷനായി.
17,69,98,899 രൂപ വരവും, 16,34,86,000 രൂപ ചെലവും 1,35,12,899 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റിന് ഭരണസമിതി ഐക്യകണ്‌ഠേന അംഗീകാരം നല്‍കി. മൂന്ന് കോടി രൂപ വായ്പാധിഷ്ഠിത പദ്ധതിയായി വകയിരുത്തി ഭവന രഹിതരായ മുഴുവന്‍ ആളുകള്‍ക്കും പാര്‍പ്പിടമെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. വാലില്ലാപുഴയും, കാരത്തൂര്‍ പുഴയും, മറ്റു തോടുകളും, കുളങ്ങളും, നീര്‍ത്തടങ്ങളും പുനരുദ്ധരിച്ച് സംരക്ഷിക്കുകയും കാര്‍ഷിക സംസ്‌കാരം ശക്തിപ്പെടുത്തുകയും ഇതിലൂടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണലും ബജറ്റ് വിഭാവനം ചെയ്യുന്നു.
സ്വന്തമായി കിണറുള്ള മുഴുവന്‍ വീടുകളിലും കിണര്‍ റീചാര്‍ജിങ് സംവിധാനം സ്ഥാപിക്കും. 'ഹരിതം തിരുന്നാവായ' തുടരും പഞ്ചായത്തിലെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളും ഹൈടെക് ഫെസിലിറ്റിയിലേക്ക് ഉയര്‍ത്തും, പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഒരുകോടി രൂപയും ടൂറിസം മേഖലയ്ക്ക് 50 ലക്ഷം രൂപയും വകയിരുത്തി. നിളയോരത്ത് ഫുഡ് കോര്‍ണര്‍ ഉള്‍പ്പെടുന്ന ഈവനിങ് പാര്‍ക്ക് , വാവൂര്‍ക്കുന്നില്‍ സ്റ്റേഡിയം, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സ്ഥിരം സംവിധാനം, ആരോഗ്യ രംഗത്ത് മാതൃകാപരമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് 25 ലക്ഷം രൂപയും വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."