ഉരുള്‍പൊട്ടല്‍: അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി
ആലക്കോട്: ഉരുള്‍പൊട്ടലില്‍ സ്ഥലവും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. കാപ്പിമല ഫര്‍ലോങ്കരയിലെ തോയന് ബാലന്റെ കുടുംബമാണ് അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീട് ഇരിക്കുന്ന മൂന്നു സെന്റ് സ്ഥലമൊഴിച്ച് വളര്‍ത്തു മൃഗങ്ങളും തൊഴുത്തും ഉള്‍പ്പെടെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് വീട്ടിലുള്ളവര്‍ രക്ഷപെട്ടത്. കഴിഞ്ഞദിവസം വരെ കുട്ടികള്‍ ഓടിക്കളിച്ചിരുന്ന പുരയിടം കൂറ്റന്‍ തോടായി മാറിയതോടെ വീട്ടിലേക്കുള്ള വഴി പോലും ഇവര്‍ക്ക് നഷ്ടമായി. മഴ തുടരുന്നതിനാല്‍ ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാകുമോയെന്ന ഭീതിയും ഇവര്‍ക്കുണ്ട്. ഇത്രയൊക്കെയായിട്ടും ബന്ധപെട്ട അധികൃതര്‍ ഇവരുടെ വീട് സന്ദര്‍ശിക്കാനോ ഇവരെ മാറ്റി പാര്പ്പിക്കാണോ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. രണ്ടു കുട്ടികള്‍ക്കൊപ്പം ഏറെ ഭീതിയിലാണ് ബാലനും ഭാര്യയും കഴിയുന്നത്. വലിയൊരു ദുരന്തത്തിന് കാത്തു നില്‍ക്കാതെ ഇവരെ മാറ്റി പാര്‍പ്പിക്കുകയും ആവശ്യമായ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."