മറ്റൊരുജീവന്‍ എന്റെ മകന് പകരമാകില്ല; മരുഭൂമിയില്‍ ഉത്തര്‍പ്രദേശുകാരന്‍ ചെയ്ത കുറ്റത്തിന് പാണക്കാട്ടെ കൊലായിയില്‍ നിന്ന് മാപ്പ്
മലപ്പുറം: ''എന്റെ മകനെ അള്ളാഹു നേരത്തെ വിളിച്ചു. മറ്റൊരു ജീവന്‍ അതിന് പകരമാവില്ലല്ലോ. ഈ പുണ്യമാസത്തില്‍ ഞങ്ങള്‍ മാപ്പുതരുന്നു. നിരുപാധികം. സൗദിയില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്‍പ്രദേശുകാരനായ പ്രതിക്ക് മാപ്പുനല്‍കി ഒറ്റപ്പാലം സ്വദേശി ആയിശ ബീവി ഇത്രെയും പറഞ്ഞവസാനിപ്പിച്ചപ്പോള്‍ പാണക്കാട്ടെ കൊലായിലിരുന്നവരുടെ കണ്ണുനിറഞ്ഞു. കൊല്ലപ്പെട്ടയാളുടെ ഉമ്മയും ബന്ധുക്കളും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് പ്രതിക്ക് മാപ്പുനല്‍കിയത്.
ആറുവര്‍ഷങ്ങള്‍ക്ക് മുന്നെയാണ് കേസിനാസ്പദമായ സംഭവം. സൗദി അറേബ്യയിലെ അല്‍ഹസില്‍ പെട്രോള്‍ പമ്പിലെ സൂപ്രവൈസറായിരുന്ന ഒറ്റപ്പാലം സ്വദേശി ഇരുപത്തിനാലു കാരനായ ആസിഫിനെ കുത്തിക്കൊന്ന കേസില്‍ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ഗുഹന്ത സ്വദേശി മുഹറം അലി ഷഫീഉള്ളയെ പൊലിസ് പിടികൂടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അല്‍ഹസ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ആസിഫിന് നീതി ലഭിക്കാനായി നിരന്തര നിയമ പോരാട്ടം നടന്നു. ഇതിനിടെ മാനസിക നില തെറ്റിയപ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. 2017 നവംബറിലാണ് കോടതി പ്രതിയായ മുഹറം അലി ഷഫീള്ളക്ക്(38)വധശിക്ഷ വിധിച്ചത്.
മാനസികാരോഗ്യ ചികിത്സയിലായതിനാല്‍ വധശിക്ഷ താല്‍ക്കാലികമായി നീക്കിവെച്ചിരിക്കെയാണ് അധികൃതര്‍ കെഎം.സി.സി അധികൃതരെ പ്രതിയുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയത്. ആസിഫിന് നീതിക്കുവേണ്ടി പോരാടിയ കെ.എം.സി.സി പ്രവര്‍ത്തകര്‍ തന്നെ ഒടുവില്‍ പ്രതിയുടെ വിലാസം കണ്ടെത്തി ഉത്തര്‍പ്രദേശിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടത്. മരണപ്പെട്ടവരുടെ ഭാര്യയോ അല്ലെങ്കില്‍ ഉമ്മയോ മാപ്പ് കൊടുത്താല്‍ രക്ഷപ്പെടുമെന്ന സൗദി നിയമമുണ്ട്. ഈ പ്രതീക്ഷയും പേറിയാണ് യു.പിയില്‍ നിന്ന് മുഹറം അലി ഷഫീഉള്ളയുടെ ഭാര്യയും സഹോദരങ്ങളും കേരളത്തിലെത്തിയത്.
കൊല്ലപ്പെട്ട ഒറ്റപ്പാലം സ്വദേശി ആസിഫിന്റെ ഉമ്മയെയും സഹോദരങ്ങളെയും കാണണം.സ്വബോധത്തോടെയല്ലാതെ ചെയ്ത ക്രൂരകൃത്യത്തിന് മാപ്പിരക്കണം. പാണക്കാട്ടെ കൊലായില്‍ വെച്ച് ഇരുകുടുംബങ്ങളും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ആരുടെയും കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് പിന്നെ കണ്ടത്. മൂന്ന് കുട്ടികളുടെ വാപ്പയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ്. പൊറുത്ത് തരണം. വധശിക്ഷയില്‍ നിന്ന് രക്ഷിക്കണം. മാപ്പുചോദിച്ച മുഹറം അലി ഷഫീഉള്ളയുടെ ഭാര്യയുടെ വാക്കുതീരുംമുമ്പേ നിറഞ്ഞ കണ്ണുകളോടെ പൊട്ടിക്കരഞ്ഞുകൊണ്ട് ആസിഫിന്റെ ഉമ്മ പറഞ്ഞു. എന്റെ മകനെ അള്ളാഹു നേരത്തെ വിളിച്ചു. മറ്റൊരു ജീവന്‍ അതിന് പകരമാവില്ലല്ലോ. ഈ പുണ്യമാസത്തില്‍ ഞങ്ങള്‍ നിരുപാധികം മാപ്പുതരുന്നു. സാദിഖലി ശിഹാബ് തങ്ങളുടെ സാനിധ്യത്തില്‍ മാപ്പ് എഴുതി നല്‍കിയ പേപ്പറില്‍ ഒപ്പ് വെച്ച് കെഎംസിസി ഭാരവാഹികള്‍ക്ക് നല്‍കി.
രാവിലെ പത്തരമണിയോടെയാണ് മുഹറം അലി ഷഫീഉള്ളയുടെ ഭാര്യ സഫിയയും സഹോദരങ്ങളും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. കൊല്ലപ്പെട്ട ഒറ്റപ്പാലം സ്വദേശി ആസിഫിന്റെ ഉമ്മ ആയിശ ബീവി സഹോദരങ്ങളായ ഇബ്രാഹിം, അബ്ദുല്‍ലത്തീഫ്, അമ്മാവന്‍ സൈതലവി, ഷൗക്കത്തലി, മിസ്‌രിയ എന്നിവരും ഇവിടെ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."