തനത് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ബോര്‍ഡ് യോഗത്തില്‍ നിന്ന് വൈസ് പ്രസിഡന്റും പ്രതിപക്ഷവും ഇറങ്ങിപ്പോയി
അരീക്കോട്: തനത് ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാരോപിച്ച് കിഴുപറമ്പ് ഗ്രാമപഞ്ചായത്തിന്റെ ബോര്‍ഡ് യോഗത്തില്‍ നിന്ന് വൈസ് പ്രസിഡന്റും പ്രതിപക്ഷ അംഗങ്ങളും ഇറങ്ങിപ്പോയി. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് വൈസ് പ്രസിഡന്റ് റൈഹാന ബേബിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്. പഴയ പദ്ധതികള്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ചേര്‍ന്ന യോഗത്തില്‍ നേരത്തെ പരാമര്‍ശിക്കുക പോലും ചെയ്യാത്ത പദ്ധതികള്‍ കടന്നുകൂടിയെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
എന്നാല്‍ ലോക ബാങ്കിന്റെ ഫണ്ട് പാസായതിന്റെ അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് ഐക്യരൂപേനെയാണ് പഞ്ചായത്തിന്റെ ഹാള്‍ പുതുക്കി പണിയാനുള്ള തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി പറഞ്ഞു.
യോഗ തീരുമാന പ്രകാരമാണ് പഴയ ഹാള്‍ പൊളിച്ചത് എന്നാല്‍ ഇതിന് ശേഷം ബ്ലോക്കില്‍ നിന്നും ലഭിക്കേണ്ട തുക കിട്ടാതെ വന്നതോടെ തനത് ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ഹാളിന്റെ നിര്‍മാണത്തിലേക്ക് എടുക്കുകയാണ് ചെയ്തത്. ലോക ബാങ്കില്‍ നിന്നും ഫണ്ട് കിട്ടുന്ന മുറക്ക് ആ തുക തനത് ഫണ്ടിലേക്ക് മാറ്റുകയും ചെയ്യും.
ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇലക്ട്രിക് പ്രവര്‍ത്തികള്‍ക്കായി തുക മാറ്റിവച്ചത് അറിഞ്ഞിട്ടില്ലെന്ന വൈസ് പ്രസിഡന്റിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ വേണ്ടിയാണ് വൈസ് പ്രസിഡന്റ് പ്രതിപക്ഷ അംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
എന്നാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ലെന്നും വിയോജിപ്പ് രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും വൈസ് പ്രസിഡന്റ് റൈഹാന ബേബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."