ഇന്നലെ വിദ്യാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് കടിയേറ്റുതെരുവുനായ ശല്യം രൂക്ഷം
പള്ളിക്കല്‍: ചേലേമ്പ്ര-പള്ളിക്കല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പുല്പറമ്പില് തെരുവുനായയുടെ കടിയേറ്റ് രണ്ട് പേര്‍ക്ക് പരുക്ക്. പുല്‍പറമ്പ് മനാട്ട് സുഹറാബി (45), കാലിക്കറ്റ് സര്‍വകലാശാല ജി.എം.എച്ച്.എസ്.എസ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ പുല്‍പറമ്പ് ചെമ്പകശ്ശേരി സുരേഷിന്റെ മകന് അഭിജിത്ത് (പത്ത്) എന്നിവര്‍ക്കാണ് കടിയേറ്റത്. അഭിജിത്തിന് സ്കൂളിലേക്ക് പോകുന്ന വഴി പുല്‍പറമ്പ് അങ്ങാടിക്ക് സമീപം റോഡില്‍ വച്ച് വലതു കൈക്കും സുഹറാബിക്ക് വീടിന്റെ അടുക്കള മുറ്റത്ത് വച്ച് ഇരുകൈകള്‍ക്കും കടിയേറ്റു. ഇന്നലെ രാവിലെ ഒന്‍പതിനാണ് സംഭവം.
രണ്ട് പേരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് പള്ളിക്കല്‍ ചേലേമ്പ്ര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി പത്തിലേറെ പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. നായയുടെ കടിയേല്‍ക്കുന്നത് മൂലം വളര്‍ത്തു മൃഗങ്ങളെ വീട്ടുമുറ്റത്ത് പോലും കെട്ടിയിടാന്‍ പറ്റാത്ത അവസ്ഥയാണ്. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും കൈകൊള്ളാത്ത അധികൃതര്‍ക്കെതിരേ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."