എസ്.എസ്.എല്‍.സി, പ്ലസ്‌വണ്‍ പരീക്ഷാ ക്രമക്കേട് ഗുരുതര വീഴ്ച: ഉമ്മന്‍ ചാണ്ടി
മലപ്പുറം: എസ്.എസ്.എല്‍.സി, പ്ലസ്‌വണ്‍ പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണെന്നും ഇത് ക്രിമിനല്‍ വീഴ്ചയായി കാണണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന പരീക്ഷകള്‍ വളരെ ലാഘവത്തോടെയാണു സര്‍ക്കാര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. 13 ലക്ഷം കുട്ടികളെയാണ് സര്‍ക്കാര്‍ ഇതിലൂടെ ബുദ്ധിമുട്ടിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉമ്മന്‍ചാണ്ടി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മുഴുവന്‍ ചട്ടങ്ങളും കാറ്റില്‍പ്പറത്തി പരീക്ഷാ നടത്തിപ്പ് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി അട്ടിമറിക്കുകയാണു സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ചിലരെ സഹായിക്കാന്‍ വേണ്ടിയാണിതെല്ലാം ചെയ്തത്. പ്രതിപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനെതിരെ സമരം നടക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ അതിശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ.എം മാണി തിരിച്ചുവരണമെന്നാണ് ആഗ്രഹം. അത് യാഥാര്‍ഥ്യമാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എ.കെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ചത് ഉചിതമായി എന്ന നിലപാടാണു തനിക്കുള്ളത്. മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടാനൊരുങ്ങിയത് നല്ല തീരുമാനമാണ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിര്‌യുള്ള വിധിയെഴുത്താകും മലപ്പുറം ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. പ്രതിപക്ഷം എന്ന നിലയില്‍ യു.ഡി.എഫ് ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."