കളിചിരികള്‍ക്ക് വിട; ഇനി സ്‌കൂളിലേക്ക്
തിരുവനന്തപുരം: മധ്യവേനല്‍ അവധി കഴിഞ്ഞു സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ തുറക്കും. പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. മൂന്നര ലക്ഷത്തോളം കുരുന്നുകള്‍ പുതുതായി പ്രവേശനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിയിട്ടുണ്ട്.
നാളെ രാവിലെ എട്ടര മുതല്‍ പ്രവേശനോത്സവത്തിന്റെ ആരവങ്ങളുയരും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഗവ.എല്‍.പി.എസ്, ഗവ.ഗേള്‍സ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി നടക്കും. രാവിലെ ഗവ.എല്‍.പി. എസില്‍ പുതുതായെത്തുന്ന കുരുന്നുകളെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്വീകരിക്കും. തുടര്‍ന്ന് ഗേള്‍സ് എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകും.
സംസ്ഥാനത്തെ പാഠപുസ്തക വിതരണം ഏറെക്കുറെ പൂര്‍ണമായിട്ടുണ്ട്. കാഴ്ച പരിമിതി നേരിടുന്ന കുട്ടികള്‍ക്കായുള്ള ബ്രയില്‍ ലിപി പുസ്‌കങ്ങളുടെ വിതരണം പൂര്‍ത്തിയായതും ഈ വര്‍ഷത്തെ സവിശേഷതയാണ്. അധ്യാപകര്‍ക്കായുള്ള പരിശീലനവും പൂര്‍ത്തിയായിക്കഴിഞ്ഞു. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള 'ഹലോ ഇംഗ്ലീഷ്, ഗണിതത്തിനായുള്ള 'ഗണിതവിജയം', മലയാളാ ഭാഷ ദൃഢമാക്കുന്നതിന് 'മലയാളത്തിളക്കം' തുടങ്ങി പഠനം രസകരമാക്കുന്നതിനുള്ള അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. ശാസ്ത്രവും ചരിത്രവും അടുത്തറിയുന്നതിനുള്ള നവീന പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പൊലിസും മോട്ടോര്‍വാഹനവകുപ്പും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നാളെ മുതല്‍ വിദ്യാലയ പരിസരങ്ങളില്‍ പൊലിസ് സാന്നിധ്യമുണ്ടാകും. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന മോട്ടോര്‍വാഹന വകുപ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."