കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി ബാലന് ദാരുണാന്ത്യം
മുത്തങ്ങ: കാട്ടാനയുടെ ആക്രമണത്തില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയ പത്തുവയസുകാരന് ദാരുണാന്ത്യം. മുതുമല പൂലിയാരം കാട്ടുനായ്ക്ക കോളനിയിലെ സുന്ദരന്‍-ഗീത ദമ്പതികളുടെ മകന്‍ മഹേഷിനെയണ് കാട്ടാന കൊന്നത്.
ഇന്നലെ രാവിലെ ഏഴുമണിയോടെ മുത്തങ്ങ-പൊന്‍കുഴി കോളനിക്ക് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പൊന്‍കുഴി കാട്ടുനായിക്ക കോളനിയിലെ ബന്ധുവായ മനോജിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു തമിഴ്‌നാട് നാഗംപള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മഹേഷ്.
മറ്റ് രണ്ടു കുട്ടികളോടൊപ്പം ഇന്നലെ രാവിലെ കോളനിക്ക് പിറകില്‍ സൈക്കിള്‍ ഓടിച്ചു കളിക്കുന്നതിനിടെ മരത്തിന് മറവില്‍ നിന്നിരുന്ന കാട്ടാന ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും മഹേഷിനെ തുമ്പിക്കൈ കൊണ്ടു പിടികൂടിയ ആന വയറിലും നെഞ്ചിലും കൊമ്പു കൊണ്ടു കുത്തുകയായിരുന്നു.
ഗുരുതര പരുക്കേറ്റ മഹേഷ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞ് സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്ഥലത്തെത്തി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി സി.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സുല്‍ത്താന്‍ ബത്തേരി വടക്കനാട് പ്രദേശത്തെ നിരന്തര ശല്യക്കാരനായ കൊമ്പനാണ് ആദിവാസി ബാലന്റെ ജീവനെടുത്തത്.
മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് വച്ച് വനം വകുപ്പ് വാച്ചറേയും ഈ ആന കൊന്നിരുന്നു. പ്രദേശത്ത് ഭീതി പരത്തുന്ന കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്തുദിവസമായി വടക്കനാട്ടെ വീട്ടമ്മമാര്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫിസിനു മുന്നില്‍ സമരത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."