ചിത്രങ്ങള്‍ വരച്ച് വേദന മറക്കാന്‍ നസീഫയെന്ന കലാകാരി
പള്ളിക്കല്‍: വീടിന്റെ നാല് ചുമരുകള്‍ക്കുള്ളിലിരുന്ന് ചിത്രങ്ങള്‍ വരച്ച് ആനന്ദവും സംതൃപ്തിയും കണ്ടെത്തി വേദന മറക്കാന്‍ ശ്രമിക്കുകയാണ് നസീഫയെന്ന കൊച്ചു കലാകാരി. വയസ് 22 ആയെങ്കിലും 10 വയസുകാരിയുടെ വളര്‍ച്ച പോലും എത്തിയിട്ടില്ല പുല്‍പറമ്പിലെ പുല്ലാര അബ്ദുറഹ്മാന്‍-നസീറ ദമ്പതികളുടെ മകളായ ചിന്നു എന്ന ഓമനപ്പേരുള്ള നസീഫ എന്ന ഈ കലാകാരിക്ക്. നാലാം വയസില്‍ വന്ന പനിയാണ് ചിന്നുവിന്റെ ജീവിതംതന്നെ ദുരിതത്തിലാക്കിയതിന്റെ തുടക്കം. ഇതോടെ കൈ കൈലുകളുടെ വളര്‍ച്ച നിലച്ചു തുടങ്ങി. വളര്‍ച്ചക്കുറവിനൊപ്പം ശക്തമായ ശരീര വേദനയും മകള്‍ ഇന്നു അനുഭവിക്കുന്നതായും ലക്ഷങ്ങള്‍ തന്നെ മുടക്കി നിരവധി ഡോക്ടര്‍മാരുടെയും വിവിധ ആശുപത്രികളിലെയും ചികിത്സ നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ലായെന്നും നസീഫയുടെ പിതാവ് പറയുന്നു. എന്നാല്‍ ചികിത്സയുടെ ഭാഗമായി ഇപ്പോഴും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിനെക്കാളും ശരീര വേദനക്ക് മകള്‍ ആശ്വാസം കണ്ടെത്തുന്നത് ചിത്രം വരയിലൂടെയാണെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ടെന്ന് ചിന്നുവിന്റെ മാതാപിതാക്കള്‍ പറയുന്നു. ശരീരത്തിന്റെയും മനസിന്റെയും വേദനകള്‍ക്കിടയിലും പൂക്കളും ചെടികളുമുള്‍പ്പെടെ വിവിധയിനം ചിത്രങ്ങള്‍ വരച്ചും കടലാസില്‍ നിറം പകര്‍ന്ന് കളിക്കോപ്പുകളുണ്ടാക്കിയും സ്വന്തം മനസിന്റെയും ശരീരത്തിന്റെയും വേദന മറന്ന് ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്തുകയാണ് നസീഫ. ഇവര്‍ വരച്ച ചിത്രങ്ങളാല്‍ അലങ്കരിച്ച രീതിയിലാണ് നസീഫയുടെ കിടപ്പു മുറിയിലെ ചുമരുകളുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."