തപാലില്‍ കുരുങ്ങി സ്വപ്‌നങ്ങള്‍: സര്‍ക്കാര്‍ അവഗണനയില്‍ വലഞ്ഞ് ജീവനക്കാര്‍
കോഴിക്കോട്: തപാല്‍ സമരത്തോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചതോടെ കുരുക്കിലായത് നിരവധി പേരുടെ തൊഴില്‍ സ്വപ്‌നങ്ങള്‍. ഒന്‍പതു ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാനുള്ള നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിയമന പരീക്ഷാ ഉത്തരവുകളും മറ്റും കെട്ടിക്കിടക്കുകയാണ്.
ജോലിക്കും പരീക്ഷകള്‍ക്കും അപേക്ഷ അയക്കാനും സമരം കാരണം പലര്‍ക്കും കഴിഞ്ഞില്ല. പാസ്‌പോര്‍ട്ട് പുതുക്കാന്‍ കൊടുത്തവരും കുരുക്കിലായി. പാസ്‌പോര്‍ട്ടുകള്‍ അപേക്ഷകരില്‍ എത്തിക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. നിരവധി പേരുടെ തൊഴില്‍ സ്വപ്‌നമാണ് തപാല്‍സമരം കാരണം ഇരുളടയുന്നത്. ഗ്രാമീണ്‍ ഡാക് സേവകര്‍ (ജി.ഡി.എസ്) ജീവനക്കാരുടെ വേതന വര്‍ധനവിനു വേണ്ടിയാണ് രാജ്യവ്യാപകമായി സമരം നടക്കുന്നത്.
കേരളത്തില്‍ സമരം തപാല്‍ മേഖലയെ നിശ്ചലമാക്കിയിട്ടുണ്ട്. 2.63 ലക്ഷം ജി.ഡി.എസ് ജീവനക്കാരാണ് സമരത്തിലുള്ളത്. അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2.20 ലക്ഷം സ്ഥിരം ജീവനക്കാരും രംഗത്തുണ്ട്. 3000 രൂപ മുതല്‍ 4500 രൂപ വരെയാണ് ഇവരുടെ ശമ്പളം. 34 വര്‍ഷം സര്‍വിസുള്ളവര്‍ വരെ 12,000 രൂപ ശമ്പളം വാങ്ങുന്ന സാഹചര്യമുണ്ടെന്ന് സമരസമിതി നേതാക്കള്‍ പറയുന്നു. നേരത്തെ 6000 രൂപ കൈകാര്യം ചെയ്യുമ്പോള്‍ ഒരു പോയിന്റായിരുന്നു ജി.ഡി.എസ് ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ കേന്ദ്രം 6000 എന്നത് 20,000 പരിധിയാക്കിയത് ജീവനക്കാര്‍ക്ക് തിരിച്ചടിയായി.
പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ജി.ഡി.എസ് ജീവനക്കാരുടെ സേവനവേതന പരിഷ്‌കരണം നടത്താറുള്ളത്. 2006 ലാണ് അവസാനം നടപ്പാക്കിയത്. സേവനവേതന പരിഷ്‌കരണം സംബന്ധിച്ച കമലേഷ്ചന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുകൂല ശുപാര്‍ശകളോടെ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷത്തിലധികമായി. കാബിനറ്റിന്റെ അംഗീകാരം മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍ കാബിനറ്റിനു മുന്നില്‍ ഈ വിഷയം എത്താതെ വൈകിപ്പിക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി.
ശുപാര്‍ശകള്‍ അംഗീകരിച്ച് നടപ്പാക്കണമെന്ന ജീവനക്കാരുടെ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിട്ടും അപലപനീയമായ അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നതെന്ന് എന്‍.എഫ്.പി.ഇ സംസ്ഥാന പ്രസിഡന്റ് സി.ശിവദാസനും എഫ്.എന്‍.പി.ഒ സംസ്ഥാന സെക്രട്ടറി പി.കെ മുരളീധരനും സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."