ദുരഭിമാനക്കൊല കേരളത്തിന് മുന്നറിയിപ്പെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: കോട്ടയത്തെ ദുരഭിമാനക്കൊല കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൂടുതല്‍ ജാഗ്രതവേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സമാപന സമ്മേളനം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിപാ വൈറസ് പ്രതിരോധം ആരോഗ്യവകുപ്പിന്റെ പ്രൊഫഷണലിസം എടുത്തുകാട്ടി. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തിലെ സൗഹാര്‍ദ്ദാന്തരീക്ഷം ഉറപ്പു വരുത്തുന്ന ജാഗ്രതയും സര്‍ക്കാരിന്റെ പുരോഗമന നടപടികളും നവകേരളം വേഗത്തില്‍ സാധ്യമാക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിപാ തടയുന്നതിന് കഠിന പ്രയത്‌നം നടത്തിയ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും ഡോക്ടര്‍മാരും അഭിനന്ദനം അര്‍ഹിക്കുന്നു.
അതേസമയം, നിപായുടെ പേരില്‍ ഇവിടെ നിന്നുള്ള പച്ചക്കറികളും ഫലവര്‍ഗങ്ങളും ചില വിദേശ രാജ്യങ്ങളും സമീപ സംസ്ഥാനങ്ങളും സ്വീകരിക്കാന്‍ മടിക്കുന്ന പ്രശ്‌നത്തെ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ മുന്നോട്ടുപോക്കില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടുവര്‍ഷം കൊണ്ടു നാടിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശയും പ്രതീക്ഷയും നാട്ടുകാരില്‍, പ്രത്യേകിച്ച് യുവജനങ്ങളില്‍ ഉണ്ടായതായി അദ്ദേഹം അവകാശപ്പെട്ടു. നാടിന്റെ വികസന പ്രശ്‌നങ്ങളില്‍ പ്രതിപക്ഷത്തെ ഉള്‍പ്പെടെ സഹകരിപ്പിച്ച് മുന്നോട്ടുപോകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍വകക്ഷിയോഗത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്. അപ്പോഴൊക്കെ കൂട്ടായ തീരുമാനങ്ങളും നിലപാടുകളുമാണ് ഉണ്ടായിട്ടുള്ളത്. നടക്കില്ലെന്ന് കരുതിയ പല വികസനപ്രവര്‍ത്തനങ്ങളും നടത്താനായി. ദേശീയപാത 45 മീറ്ററില്‍ പൂര്‍ത്തിയാകുന്നു, ഭൂരിഭാഗം സ്ഥലം ഏറ്റെടുപ്പും പൂര്‍ത്തിയായി. മലയോര, തീരദേശ ഹൈവേകള്‍ക്ക് പണം കണ്ടെത്തി നിര്‍മാണം ആരംഭിക്കാവുന്ന നിലയിലായി. കോവളം-ബേക്കല്‍ ജലപാത 2020 ഓടെ യാഥാര്‍ഥ്യമാകും. ജലപാത വരുന്നത് നാട്ടുകാരായ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്ന് മാത്രമല്ല, ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗെയില്‍ വാതകപൈപ്പ്‌ലൈന്‍ ഒക്‌ടോബറോടെ മംഗലാപുരം വരെയുള്ള ഭാഗം പൂര്‍ത്തിയാകും. ഇതോടെ വ്യവസായങ്ങള്‍ക്ക് ഗ്യാസ് നല്‍കാനാവും. സിറ്റി ഗ്യാസ് പദ്ധതിയും വ്യാപിപ്പിക്കും. കൂടംകുളത്ത് നിന്നുള്ള വൈദ്യുതി ലൈന്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നു.
നാടിനോട് പ്രതിബദ്ധതയുള്ള സര്‍ക്കാരുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ നടത്താനാകുന്നത്. വികസനത്തിന്റെ ഭാഗമായി വിഷമങ്ങളുണ്ടാകുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കും. അതുകൊണ്ടാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ. കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ വി. കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ സംസാരിച്ചു. മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."