ചാരിറ്റബിള്‍ ട്രസ്റ്റ് ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി
കണ്ണൂര്‍: ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസ് കൊടുക്കാനും മറ്റും സഹായിച്ച ശരത്ത് എന്ന ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. ട്രസ്റ്റിലെ ട്യൂട്ടറും ശരത്തിന്റെ ഭാര്യയുമായ അഖിലയാണ് പരാതിയുമായി രംഗത്തെത്തിയത്.
സ്ഥാപനത്തിലെ ഡ്രൈവറായ ബിജു ട്രസ്റ്റിലെ അന്തേവാസിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരേ ട്രസ്റ്റ് നടപടിയെടുക്കാത്തതിനെ എതിര്‍ത്തതിനാണ് ശരത്തിനെ ട്രസ്റ്റ് ഭാരവാഹികള്‍ കള്ളക്കേസില്‍ കുടുക്കിയെതെന്ന് അഖില വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം മകളുടെ പേരിലാണ് മാനേജിങ് ട്രസ്റ്റിയുടെ ഭാര്യ കേസ് കൊടുത്തത്. പോസ്കോ ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ഇവിടെ പതിനാലുകാരിയായ ദലിത് പെണ്‍കുട്ടിയെ ബിജു എന്നയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പിന്നീട് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍, ബിജുവിനെതിരേ നടപടിയെടുക്കുന്നതിനു പകരം സ്ഥാപനാധികൃതര്‍ അയാളെ ന്യായീകരിച്ച് രംഗത്തെത്തുകയും മാനേജിങ് ട്രസ്റ്റിയുടെ ഭാര്യ റാണി പെണ്‍കുട്ടിയെയും അമ്മയെയയും ആദിവാസികളെന്ന് വിളിച്ച് അവഹേളിക്കുകയും ചെയ്തു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സ്ഥാപനത്തിലെ അഞ്ച് സ്റ്റാഫുകളെ അന്യായമായി പുറത്താക്കുകയായിരുന്നു. ഇതിനെതിരേ ജീവനക്കാര്‍ കലക്ടര്‍ക്ക് കൊടുത്ത പരാതിക്ക് പക തീര്‍ക്കാനാണ് ട്രസ്റ്റിയുടെ ഭാര്യ കള്ളക്കേസ് നല്‍കിയതെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടിയും ബന്ധുക്കളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."