മുഖം രക്ഷിക്കാന്‍ സര്ക്കാര്ച മുന്‍ ഡി.ജി.പിമാരുടെയും ചീഫ് സെക്രട്ടറിമാരുടെയും യോഗം ഇന്ന്
തിരുവനന്തപുരം: പൊലിസിന്റെ ഗുരുതര വീഴ്ചമൂലം മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ എങ്ങനെ മുഖം മിനുക്കാം എന്ന് അഭിപ്രായം തേടുന്നു.
മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ ഡി.ജി.പിമാര്‍ എന്നിവരെ അടിയന്തരമായി വിളിച്ചാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ മേല്‍ വീണ കളങ്കം എങ്ങനെ നീക്കാം എന്ന അഭിപ്രായം തേടുന്നത്. ഇന്നു വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെ കോണ്‍ഫറന്‍സ് ഹാളില്‍വച്ചാണ് കൂടിക്കാഴ്ച.
പൊലിസില്‍നിന്ന് അടിക്കടിയുണ്ടാകുന്ന വീഴ്ചകള്‍ക്ക് ഏതു രീതിയില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ആരായും. പൊലിസില്‍ കാര്യമായ അഴിച്ചുപണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് ഒരുങ്ങുന്നത്. മുന്‍ ഡി.ജി.പിമാരില്‍നിന്ന് ഇതുസംബന്ധിച്ച് അഭിപ്രായം ആരായും. ക്രമസമാധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊലിസ് ഉന്നതരില്‍ പ്രതിപക്ഷത്തിന് കൂടി സ്വീകാര്യനായ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി എന്നാണ് സൂചന.
അതിനിടെ, സംസ്ഥാനത്തെ ഇന്റലിജന്‍സ് കടുത്ത പരാജയമാണെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കാന്‍ ഒരു വിഭാഗം പൊലിസുദ്യോഗസ്ഥര്‍ മന:പൂര്‍വം സൃഷ്ടിക്കുന്ന വിവാദങ്ങളാണെന്നും അതിന് മാധ്യമങ്ങളില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വിലയിരുത്തുന്നു.
അതേസമയം, പൊലിസിനെ നവീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നതായി ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
പൊലിസിലെ സര്‍ക്കാരിനെതിരേയുള്ള നീക്കം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി വിനോദ്കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കര്‍ശന നടപടിയിലേയ്ക്ക് പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."