പാട്ടുകളെയും കോടതി കയറ്റണോ?
താന്‍ സംഗീതം നല്‍കിയ പാട്ടുകളെല്ലാം തന്റെ സ്വന്തമാണെന്ന് ഇളയരാജ പറയുന്നു. അവയൊക്കെയും പാടിപ്പാടി ലോകത്തിന്റെ കര്‍ണങ്ങളിലെത്തിച്ച എസ്.പി ബാലസുബ്രഹ്്മണ്യത്തിന് അദ്ദേഹം വക്കീല്‍ നോട്ടീസ് അയക്കുന്നിടംവരെ എത്തി അവകാശവാദം. പാടാനുള്ള സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുമ്പോള്‍ കേള്‍ക്കാനുള്ളവരുടെ സ്വാതന്ത്ര്യത്തിനു നേരെയാണു കത്തി ഉയരുന്നത്.
'പടു പാട്ടൊന്നു പാടാത്ത കഴുതയില്ല' എന്നതു ഭാഷയില്‍ പലയിടത്തു കേട്ടുപരിചയിച്ച വാചകമാണ്. അത് കഴുതയെ ഇകഴ്ത്താനുള്ളതല്ല, പാട്ടിനെ പുകഴ്ത്താനുള്ളതത്രേ. ദിവസം രണ്ടോ മൂന്നോ വരി മൂളിപ്പാട്ടെങ്കിലും പാടാത്തവരായി ആരാണുള്ളത്. പാട്ടിനോട് ഒരു കമ്പവുമില്ലാത്തവര്‍ പോലും കുളിമുറിയില്‍ കുളി അവസാനിക്കും വരെ ഉച്ചത്തില്‍ പാടിക്കൊണ്ടേയിരിക്കും.
അത് നാട്ടുനടപ്പ്. ഇങ്ങനെ പാടുന്ന, അല്ലെങ്കില്‍ കേള്‍ക്കുന്ന പാട്ടുകളൊന്നും തന്നെ പാടുന്നവനോ കേള്‍ക്കുന്നവനോ രചന നടത്തിയതല്ല, അവര്‍ സംഗീതസംവിധാനം നിര്‍വഹിച്ചതുമല്ല. കേട്ടുപഠിച്ചതാണ്.
കേട്ടുപരിചയമുള്ള പ്രശസ്ത ഗാനങ്ങള്‍ ആര്പാടിയതാണെന്നോ ആര് സംഗീതം നല്‍കിയതാണെന്നോ അന്വേഷിക്കാന്‍ നില്‍ക്കാതെ ഇഷ്ടപ്പെട്ട പാട്ടിലെ വരികളെന്ന നിലയിലാണു നാമെല്ലാം പാടുന്നതും കേള്‍ക്കുന്നതും. പാടിയവരെയോ അതിനു സംഗീതം നല്‍കിയവരെയോ ആ പാട്ടെഴുതിയവരെയോ ഓര്‍മിക്കാത്ത സംഗീതപ്രേമികളായ ജനസഹസ്രങ്ങളാണ് ഏതു പാട്ടിനെയും ജനപ്രിയമാക്കുന്നത്.
ഇന്ന് ഇക്കാര്യങ്ങളൊക്കെ ചിന്തിക്കാന്‍ കാരണം പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ ഒരു വക്കീല്‍ നോട്ടീസാണ്. അമേരിക്കയില്‍ സംഗീതപര്യടനം നടത്തിക്കൊണ്ടിരിക്കുന്ന പ്രശസ്തഗായകര്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിനും കെ.എസ് ചിത്രയ്ക്കുമൊക്കെ അദ്ദേഹമയച്ച നോട്ടീസില്‍ പറയുന്നത്, അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ പൊതുവേദികളില്‍ പാടരുതെന്നാണ്.
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച്, പില്‍ക്കാലത്തു ഹിന്ദുമതം സ്വീകരിച്ച പണ്ണൈപുരം ജ്ഞാനദേശികന്‍ സംഗീതലോകത്തെ ഇളയരാജയായി മാറിയത്, തീര്‍ച്ചയായും അര്‍പണബോധത്തോടെയുള്ള സ്വന്തം പരിശ്രമത്തിലൂടെയാണ്. ട്രിനിറ്റി കോളജില്‍നിന്നു സംഗീതം പഠിച്ച് ധര്‍മരാജ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചു ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം വിവിധഭാഷകളിലായി അഞ്ഞൂറില്‍പരം ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയ പ്രഗത്ഭമതിയാണ്.
എന്നാല്‍, അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ജനപ്രിയമാക്കുന്നതില്‍ എസ്.പി ബാലസുബ്രഹ്്മണ്യത്തെയും കെ.എസ് ചിത്രയെയും പോലുള്ളവരുടെ ശബ്ദമാധുരി വഹിച്ച പങ്ക് തള്ളിക്കളയാനാവില്ല. അദ്ദേഹത്തിനു പാട്ടുകളെഴുതിക്കൊടുത്ത പ്രഗത്ഭര്‍, ചലച്ചിത്രരംഗത്ത് അദ്ദേഹത്തിന് അവസരം നല്‍കിയ സംവിധായകര്‍, പശ്ചാത്തലമൊരുക്കിയ അസംഖ്യം കലാകാരന്‍ന്മാര്‍ തുടങ്ങിയവര്‍ നിര്‍വഹിച്ച പങ്കും അനിഷേധ്യമാണ്.
താന്‍ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം അഞ്ചുവര്‍ഷം മുന്‍പ് ഇളയരാജ സ്വന്തമാക്കിയിട്ടുണ്ടായിരിക്കാം. രണ്ടായിരത്തിനു മുന്‍പുള്ള സൃഷ്ടികളുടെ പകര്‍പ്പവകാശം മലേഷ്യന്‍ കമ്പനിക്കു നല്‍കി കാശും വാങ്ങിയിരിക്കാം. എന്നാല്‍, ആ ഗാനങ്ങളെല്ലാം അതു പാടിയ ഗായകനിലൂടെയാണ് എല്ലാവരും ഓര്‍ക്കുക. സംഗീതസംവിധായകന്‍പോലും പലപ്പോഴും അപ്രസക്തനാവുന്നു.
കെ.എല്‍. സൈഗാള്‍, പങ്കജ് മല്ലിക്ക്, മുഹമ്മദ് റഫി, നൂര്‍ജഹാന്‍, ലതാമങ്കേഷ്‌കര്‍, മുകേശ്, തലത്ത് മഹ്മൂദ് തുടങ്ങി നമ്മുടെ സ്വന്തം അബ്ദുല്‍ ഖാദര്‍, യേശുദാസ്, പി. ലീല, ജാനകി, ശാന്ത പി. നായര്‍, വാണി ജയറാം, കെ.എസ് ചിത്ര എന്നിവരൊക്കെ സംഗീതപ്രേമികളുടെ നാവിന്‍തുമ്പില്‍ ഇന്നുമുണ്ടെങ്കില്‍ അതിനുകാരണം ആ ശബ്ദഭംഗി തന്നെയാണ്. ഇതിനെതിരേയാണ് ഇളയരാജ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. പാട്ടുകളെ പാടിപ്പാടി സൂപ്പര്‍ ഹിറ്റാക്കിയ ജനസഹസ്രങ്ങളോട് അദ്ദേഹം പറയുന്നത് പാട്ടിന്റെ മുതലാളി താന്‍ മാത്രമാണെന്നാണ്.
സ്വന്തം പാട്ടുപാടി ജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെട്ടവര്‍ എത്രയെത്ര. ദക്ഷിണേന്ത്യയുടെ സൈഗള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കോഴിക്കോട് അബ്ദുല്‍ ഖാദറിനുപോലും അത്തരത്തില്‍ ഏറെ പ്രയാസം നേരിട്ടു.
ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും ഹാര്‍മോണിയം വായിച്ചു പാട്ടുപാടി ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടേണ്ടിവന്ന പ്രസിദ്ധ ഗായകന്‍ മെഹബൂബിനെക്കുറിച്ചു പറഞ്ഞുകേട്ട കഥയുണ്ട്. തന്റെ വീട്ടുപടിക്കല്‍ വന്നു പാടി, താന്‍ നല്‍കുന്ന ചില്ലറക്കാശു വാങ്ങി തിരിച്ചുപോകുമായിരുന്ന ആ ഗായകനോട് ഒരു ഗൃഹനാഥന്‍ ചോദിച്ചത്രെ- ''താങ്കള്‍ എന്താണ് മെഹബൂബിന്റെ പാട്ടുകള്‍ മാത്രം പാടുന്നത്.'' ''എനിക്ക് എന്റെ പാട്ടല്ലേ പാടാനൊക്കൂ'' എന്ന മറുപടി കേട്ടപ്പോഴാണു തന്റെ മുന്നില്‍ ഇത്രനാളും പിച്ചക്കാരനെപ്പോലെ പാടിയിരുന്നത് സാക്ഷാല്‍ മെഹബൂബാണെന്ന് ആ ഗൃഹനാഥന്‍ അത്ഭുതത്തോടെ തിരിച്ചറിയുന്നത്.
ഏതു നല്ല പാട്ടും വലിയ കൂട്ടായ്മയില്‍ നിന്നാണു ജനിക്കുന്നത്. സിനിമയിലോ നാടകത്തിലോ ആണെങ്കില്‍ പ്രത്യേകിച്ചും. പാട്ടിനു സന്ദര്‍ഭം നല്‍കുന്ന സംവിധായകനില്‍ അതു തുടങ്ങുന്നു. അതിന് അനുമതി നല്‍കുന്ന നിര്‍മാതാവ് ഒപ്പംനില്‍ക്കണം. സംഗീതസംവിധായകന്‍ മുന്‍പുതന്നെ ഗാനരചയിതാവിനെ കണ്ടെത്തണം. പിന്നാലെ പറ്റിയ ഗായകനെയും.
തലത്ത് മഹ്്മൂദിനെക്കൊണ്ടു പാടാന്‍ ഉദ്ദേശിച്ചു രൂപപ്പെടുത്തിയ ഒരു ഗാനത്തിന് ഒടുവില്‍ മന്നാഡേയില്‍ ശരണം പ്രാപിക്കേണ്ടിവന്നു എന്നു നാം കേട്ടിട്ടുണ്ട്. മലയാളസിനിമയില്‍ ശാശ്വതപ്രതിഷ്ഠ നേടിയ പ്രസിദ്ധപ്രേമഗാനത്തിന്റെ കഥയും മറ്റൊന്നല്ല. നീലക്കുയിലിനു ദേശീയ പ്രസിദ്ധി നേടിയ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍...' എന്ന മനോഹരഗാനം ആ രംഗം അവതരിപ്പിച്ച ബാലകൃഷ്ണമേനോന്‍ തന്നെ പാടട്ടെയെന്നായിരുന്നു സംവിധായകന്‍ പി. ഭാസ്‌കരന്റെ നിശ്ചയം. സംഗീതസംവിധാനം നിര്‍വഹിച്ച കെ. രാഘവന്‍ തന്നെയാണത് ആലപിക്കേണ്ടതെന്നു വാശിപിടിച്ചതു നിര്‍മാതാവാണ്. രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ടി.കെ പരീക്കുട്ടിയെന്ന നിര്‍മാതാവിനെ എങ്ങനെ മറക്കാന്‍ പറ്റും.
ഇളയരാജയുടെ ഗാനങ്ങള്‍ക്കു തന്നെ ഇത്രയേറെ പ്രശസ്തി നേടിക്കൊടുക്കുന്നതില്‍ എസ്.പി ബാലസുബ്രഹ്്മണ്യത്തിന്റെ മാസ്മര ശബ്ദം നിര്‍വഹിച്ച പങ്ക് അദ്ദേഹത്തിനു നിഷേധിക്കാനാവില്ല. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സംഗീതസപര്യയുമായി ലോകപര്യടനം നടത്തിവരുന്ന എസ്.പി.ബിക്ക് ഇങ്ങനെയൊരു വക്കീല്‍ നോട്ടീസയക്കാന്‍ നമ്മുടെ കാലഘട്ടത്തിലെ പ്രശസ്തസംഗീതജ്ഞരില്‍ ഒരാളായ ഇളയരാജ സന്നദ്ധനായി എന്നത് പാട്ടിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും നിര്‍ഭാഗ്യമത്രെ.
എസ്.പി.ബിയും സംഘവുമാകട്ടെ, ടൊറന്റോയില്‍ കഴിഞ്ഞവര്‍ഷം തുടങ്ങിയ ഈ സംഗീതപര്യടനം ദുബൈ, സിംഗപ്പൂര്‍, റഷ്യ, ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങളില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എസ്.പി.ബി സംഘത്തെയെന്നപോലെ തന്റെ പാട്ടുകള്‍ കേള്‍പ്പിക്കുന്ന ടെലിവിഷന്‍ ചാനലുകളെയും എഫ്.എം സ്‌റ്റേഷനുകളെയും കോടതി കയറ്റാനാണ് ഇളയരാജയുടെ ഭാവമെങ്കില്‍ ഇന്ത്യന്‍ സംഗീതത്തിന് ഇതിനേക്കാള്‍ വലിയ ആഘാതമേല്‍ക്കാനുമില്ല. കേള്‍ക്കുന്നവരും കുറ്റക്കാരാകുമല്ലോ!
ചോദിക്കുന്ന പ്രതിഫലം നല്‍കിയാണു സംഗീതസംവിധായകരെയും ഗാനരചയിതാക്കളെയും ഓരോ നിര്‍മാതാവും രംഗത്തിറക്കുന്നത്. ഒടുവില്‍ പാട്ട് ഹിറ്റാകുമ്പോള്‍ ഏക അവകാശിയായി സംഗീതസംവിധായകന്‍ കടന്നുവരുന്നതു നിര്‍ഭാഗ്യകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."