യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലിസ് അതിക്രമം
തിരുവനന്തപുരം: കോട്ടയത്തെ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെ പൊലിസ് അതിക്രമം. ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു.
തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ആര്.ഒ അരുണ്‍, ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ഹാഷിം റഷീദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഡീന്‍ കൂര്യാക്കോസിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
ഇതോടെയാണ് പൊലിസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അല്‍പ്പ സമയത്തെ ഉപരോധത്തിന് പിന്നാലെ പൊലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
ഒരു വീട്ടില്‍ ഒരു വിധവ എന്ന പദ്ധതിയ്ക്ക് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ തുടക്കം കുറിച്ചിരിക്കുകയാണെന്ന് ഡീന്‍ കൂര്യാക്കോസ് പറഞ്ഞു. സംസ്ഥാനത്ത് ജീവിക്കാനായി ഡി.വൈ.എഫ്.ഐയുടെ ചീട്ട് വാങ്ങേണ്ട അവസ്ഥയാണ്. സംസ്ഥാന നേതാക്കളായ എസ്.എം ബാലു, ജി. ലീന, എന്‍.എസ് നുസൂര്‍, എം. പ്രസാദ്, പി.കെ രാഗേഷ്, വര്‍ക്കല ഷിബു, പി.എസ് അനൂപ്, രാജേഷ്ചന്ദ്രദാസ്, ആര്.ഒ അരുണ്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."