പൊരുതുന്ന ഫലസ്തീന്‍
നമ്മള്‍ കൊടുങ്കാറ്റു പോലെയുറങ്ങുക
വിപ്ലവത്തിന്റെ കിനാവ്
ഭൂമിയിലെ ഒഴിവുദിനങ്ങള്‍ ഒടുങ്ങിയിരിക്കുന്നു
സ്വര്‍ഗത്തിലെ കൊച്ചുപെട്ടികള്‍
കെട്ടിപ്പൊതിയാക്കിയിരിക്കുന്നു
ചെറുപ്പക്കാരനായ പിതാവിനുവേണ്ടി
നമ്മള്‍ പ്രാര്‍ഥിക്കുക
അത്താഴമൊരുക്കിവെക്കുക
ഹേമന്തത്തിന്റെ പ്രതിസന്ധിയില്‍ നിന്നും
ഒരു കൊടുങ്കാറ്റ് വിലയ്ക്ക് വാങ്ങുക.
-ഷൗഖി അബി ഷഖ്‌റ
ഫലസ്തീന്‍ ജനത വീണ്ടുമൊരു ദുരിതകാലത്തിലൂടെ കടന്നുപോവുകയാണ്. ദുരിതങ്ങളൊന്നും അവരുടെ പോരാട്ടവീര്യം തളര്‍ത്തുന്നില്ല. സാമ്രാജ്യത്വത്തിന്റെ ഗൂഢാലോചന തുടര്‍ന്നുകൊണ്ടിരിക്കുന്നു.
1948 മെയ് 15നാണ് കാലാകാലങ്ങളായി താമസിക്കുന്ന ഫലസ്തീനികളെ തുരത്തി അവിടെ ഇസ്രാഈലെന്ന ജൂതരാഷ്ട്രം അടിച്ചേല്‍പിക്കുന്നത്. ഇത് വളരെ മുമ്പെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. ജൂത സ്റ്റേറ്റ് രൂപീകരിക്കുന്നത് സംബന്ധമായ തീരുമാനമെടുക്കാനായി 1897-ല്‍ ഒന്നാം സയണിസ്റ്റ് കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്തിരുന്നു. അമ്പത് വര്‍ഷത്തിനുള്ളില്‍ ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന തീരുമാനമെടുത്താണ് പിരിഞ്ഞത്. പിന്നീട് സയണിസ്റ്റുകള്‍ അമേരിക്കന്‍ ഭരണകൂടത്തെ സ്വാധീനിച്ചു. ഇപ്പോഴും അമേരിക്കന്‍ ഭരണകൂടം ഇസ്രാഈല്‍ കൊടുംക്രൂരതകള്‍ക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്നു. ഇക്കഴിഞ്ഞ മെയ് 1ന് (അതെ, 70 വര്‍ഷം മുമ്പ് ഇസ്രാഈല്‍ ഈ ഭൂമുഖത്ത് അടിച്ചേല്‍പിച്ച 'നക്ബ' ദിനത്തില്‍ തന്നെ) അമേരിക്കന്‍ എംബസി ജറുസലമിലേക്ക് മാറ്റുന്നു. റൊണാള്‍ഡ് ട്രംപിന്റെ കൂര്‍ത്ത കൊമ്പല്ലുകളില്‍ നിന്ന് ഉറ്റിവീഴുന്ന ചോരത്തുള്ളികള്‍ ലോകം കാണുന്നുണ്ട്. ജറുസലമിലേക്ക് എംബസി മാറ്റിയതിനെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധത്തിനു നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 62 ഫലസ്തീന്‍കാര്‍ മരിക്കുകയും ആയിരക്കണക്കിനു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇത് യുദ്ധക്കുറ്റമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫലസ്തീന്‍. ഗസ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ നടത്തുന്ന ക്രൂരതകളെ യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവിയും വിമര്‍ശിക്കുകയുണ്ടായി. ഗസയില്‍ ആഴ്ചകളായി നടക്കുന്ന കൂട്ടക്കുരുതികളെ 'കണ്ണില്ലാത്ത ക്രൂരത' എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് അധ്യക്ഷന്‍ സയിദ് റാദ് അല്‍ ഹുസൈന്‍ വിശേഷിപ്പിച്ചത്.
കാലാകാലങ്ങളായി ഫലസ്തീനികളോട് അമേരിക്കന്‍ പിന്തുണയോടെ ഇസ്രാഈല്‍ നടത്തുന്ന ക്രൂരതകള്‍ കണ്ടില്ലെന്നു നടിച്ച് ഈച്ചയാട്ടി രസിക്കുന്ന വിവിധ നാടുകളിലെ ഭരണാധികാരികളെ നാളെ ചരിത്രം വിചാരണ ചെയ്യുകതന്നെ ചെയ്യും. ഗസയില്‍ ഇസ്രാഈല്‍ സേന അറുപതിലേറെ ഫലസ്തീനികളെ വെടിവച്ച് കൊലപ്പെടുത്തിയപ്പോള്‍ ഉചിതമായി ഒരു പ്രതികരണം പോലും നടത്തുന്നതില്‍ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്.
വിശുദ്ധ ഭൂമിയായ ജറുസലമിനെ ലോകം ഇസ്രാഈലിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. എന്നിട്ടും ട്രംപിന്റെ ധാര്‍ഷ്ട്യമാണ് ലോകം കണ്ടത്. ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിട്ടും എംബസി ജറുസലമിലേക്ക് മാറ്റിയ അമേരിക്കയുടെ നടപടി പ്രകോപനപരമാണെന്നും ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം മാനവികതക്കെതിരായ കുറ്റമായി കണക്കാക്കണമെന്നും ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ദി ഇസ്‌ലാമിക് കോണ്‍ഫറന്‍സ്) സെക്രട്ടറി ജനറല്‍ യൂസഫ് ബിന്‍ അഹ്മദ് അല്‍ ഉസൈമില്‍ പറഞ്ഞു.
ഇസ്രാഈല്‍ നിലവില്‍ വന്ന ശേഷം പത്തുലക്ഷത്തോളം ഫലസ്തീനികളാണ് അവരുടെ മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത തരത്തിലാണ് ഇസ്രാഈല്‍ ഫലസ്തീന്‍ ജനതക്ക് നേരെ ക്രൂരതകള്‍ കാണിക്കുന്നത്. വൃദ്ധരേയും ശിശുക്കളേയും വരെ കൊന്നൊടുക്കുന്ന മഹാക്രൂരത. പക്ഷെ ഇതുകൊണ്ടൊന്നും ഫലസ്തീനികളുടെ പോരാട്ടവീര്യം ഇല്ലാതാക്കാനായിട്ടില്ല. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടിയ ജനത, കവികളും കലാകാരന്മാരും ചിത്രകാരന്മാരുമടങ്ങിയ ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പ് ധീരോദാത്തമാണ്. ഫലസ്തീനികളെ മിസൈലുകളും ബോംബുകളുമുപയോഗിച്ച് നിശ്ശേഷം ഇല്ലാതാക്കാനാവില്ല.
ഇന്ത്യ പണ്ഡിറ്റ് ജവഹര്‍ലാന്‍ നെഹ്‌റുവിന്റെ കാലം മുതലേ ഫലസ്തീനികളോടൊപ്പമായിരുന്നു. ഗാന്ധിജിയുടെ വളരെ പ്രശസ്തമായ വാക്കുകളുണ്ട്. 'ഇംഗ്ലീഷുകാര്‍ക്ക് ഇംഗ്ലണ്ട് എന്നതുപോലെ, ഇന്ത്യക്കാര്‍ക്ക് ഇന്ത്യ എന്നതുപോലെ, ഫലസ്തീന്‍കാര്‍ക്ക് ഫലസ്തീന്‍ അവരുടെ ജന്മാവകാശമാണ്' എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. ഇന്ന് ഗാന്ധിജിയെ തള്ളി ഗോദ്‌സെയോടൊപ്പം നില്‍ക്കുന്നവര്‍ ഇസ്രാഈലിലേക്ക് ചുവന്ന പരവതാനി വിരിക്കുന്നു.
--------
വ്യഥിത രാവുകളിലെ മിന്നലിന്റെ ചിത്രീകരണവും
മുറിവേറ്റ നഗരവും
എനിക്ക് അഭിമാനം നല്‍കുന്നു
തെരുവുകള്‍ കോപത്താലെന്നെ
ഉറ്റുനോക്കുന്നു.
പക്ഷെ, പകയുടെ നോട്ടങ്ങളില്‍ നിന്നും
നിഴലില്‍ നിന്നും നീയെനിക്ക് രക്ഷ നല്‍കുന്നു.
എന്റെ ജന്മനാട്ടില്‍ കൊടുങ്കാറ്റ്
ആഞ്ഞുവീശാന്‍ തുടങ്ങിയതിനാല്‍
എനിക്ക് വീണ്ടും മഴവില്ലു വാഗ്ദാനം ചെയ്തതിനാല്‍,
പേടിക്കുന്ന കണ്ണുകളുടെ പോളകള്‍ക്കപ്പുറം
ഞാന്‍ ആഹ്ലാദത്തിന്റെ ഗാഥ പാടുക തന്നെ ചെയ്യും.
-ഫലസ്തീന്‍ കവി മഹമൂദ് ദര്‍വീശ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."