വസ്ത്ര വ്യാപാര ശാലകളില്‍ സ്ത്രീജോലിക്കാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു: കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍
ന്യൂഡല്‍ഹി: കേരളത്തിലെ വസ്ത്രാലയങ്ങളിലെ സ്ത്രീ ജോലിക്കാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായി കാണിച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ കേരള സര്‍ക്കാരിന് നോട്ടീസയച്ചു. ചീഫ് സെക്രട്ടറി, തൊഴില്‍ വകുപ്പ്, തൊഴില്‍ കമ്മിഷണര്‍ എന്നിവര്‍ക്കാണ് നോട്ടീസയച്ചിരിക്കുന്നത്.
പത്തു മണിക്കൂറിലേറെ വരുന്ന ജോലി സമയത്തിനിടെ ഇരിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ പോലും ഈ മേഖലയിലെ സ്ത്രീ തൊഴിലാളികളെ അനുവദിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ നോട്ടീസയച്ചത്.
തൊഴിലാളികളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലൂടെ (കെ.എസ്.സി.ഇ ആക്ട്) സംരക്ഷിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണാവശ്യപ്പെട്ടിരിക്കുന്നത്.
വസ്ത്രവ്യാപാര മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ആരോഗ്യവുമായും അന്തസുമായും ബന്ധപ്പെട്ട അവകാശ ലംഘനങ്ങളുടെ ഗൗരവമുള്ള വശങ്ങള്‍ ഈ വിഷയത്തിലുണ്ടെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വനിതാ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കമ്മിഷന്‍ പറഞ്ഞു.
സംസ്ഥാനത്തെ പല വസ്ത്ര വ്യാപാരസ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വേണ്ട ടോയ്‌ലറ്റുകള്‍ സജ്ജീകരിച്ചിട്ടില്ലെന്നും അങ്ങനെയുള്ള സ്ഥലങ്ങലില്‍ ജോലി സമയത്ത് അവ ഉപയോഗിക്കാന്‍ മാനേജറുടെ അനുമതി വേണമെന്നും തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാണിച്ചതായി കമ്മിഷന്‍ പറഞ്ഞു. ദീര്‍ഘസമയം നില്‍ക്കുന്നത് മൂലം പലര്‍ക്കും ആരോഗ്യ പ്രശ്‌നമുണ്ടായതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നം സംബന്ധിച്ച് നടന്ന സമരങ്ങളെയും കമ്മിഷന്‍ പരാമര്‍ശിക്കുന്നുണ്ട്. 2014ല്‍ കെ.എസ്‌സി.ഇ ആക്ടില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നുവെങ്കിലും ഇത് ചില്ലറ വസ്ത്ര വ്യാപാര മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ജോലി സാഹചര്യങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."