'മരിച്ച' റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടു
കീവ്: വെടിയേറ്റ് മരിച്ചുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രമുഖ റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ക്കാഡി ബാബ്‌ഷെന്‍കോ ജീവനോടെ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റ് അര്‍ക്കാഡി മരിച്ചുവെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നിരുന്നത്. അതിനിടയിലാണ് താന്‍ മരിച്ചിട്ടില്ലെന്നും മരണവാര്‍ത്ത താന്‍ തന്നെ പ്രചരിപ്പിച്ചതാണെന്നും ഇയാള്‍ വ്യക്തമാക്കിയത്.
വാര്‍ത്തകളെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നില്‍ റഷ്യയാണെന്ന ആരോപണം ഉക്രൈന്‍ പ്രധാനമന്ത്രി വ്‌ലോഡിമര്‍ ഗ്രോസ്മാന്‍ ഉന്നയിച്ചിരുന്നു. സുതാര്യമായ അന്വേഷണം നടത്തണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് അര്‍ക്കാഡി ബാബ്‌ഷെന്‍കോ ഇന്നലെ ഉക്രൈന്‍ ടെലിവിഷനില്‍ ലൈവായി പ്രത്യക്ഷപ്പെട്ട് താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചത്.
വെടിയേറ്റ് മരിച്ചുവെന്നത് വ്യാജവാര്‍ത്തയാണ്. തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഒരു മാസം മുന്‍പ് വിവരം ലഭിച്ചിരുന്നു. മരണവാര്‍ത്ത പ്രചരിപ്പിക്കാനുള്ള പദ്ധതിക്കായി കഴിഞ്ഞ രണ്ടുമാസമായി താന്‍ ആസൂത്രണത്തിലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. അതേസമയം ബാബ്‌ഷെന്‍കോ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സകറോവ പറഞ്ഞു. ബാബ്‌ഷെന്‍കോ ഉക്രൈനില്‍ വെടിയേറ്റു മരിച്ചുവെന്നായിരുന്നു ആദ്യവാര്‍ത്ത.
ജീവന് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ഉക്രൈനില്‍ അഭയം തേടിയ ആളാണ് ബാബ്‌ഷെന്‍കോ. മുന്‍ സൈനികന്‍ കൂടിയായ ഇദ്ദേഹം റഷ്യയിലെ പ്രമുഖ റിപ്പോര്‍ട്ടറാണ്.
സിറിയയിലും ഉക്രൈനിലും റഷ്യ ഇടപെടുന്നതിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള ഭീഷണിയിലാണ് അദ്ദേഹം രാജ്യം വിട്ടത്. സിറിയയിലെ അലപ്പോയില്‍ നടത്തിയ ആക്രമണങ്ങളും ഉക്രൈനില്‍ റഷ്യ നടത്തുന്ന അതിക്രമങ്ങളെയും ബാബ്‌ഷെന്‍കോ നിശിതമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."