എയര്‍സെല്‍ - മാക്‌സിസ് ഇടപാട്: ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം
ന്യൂഡല്‍ഹി: വിവാദമായ എയര്‍സെല്‍- മാക്‌സിസ് ഇടപാട് കേസില്‍ മുന്‍കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ അടുത്തമാസം അഞ്ചുവരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പാടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കോടതി നിര്‍ദേശം നല്‍കി. ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെതാണ് നടപടി. കേസില്‍ അടുത്തമാസം അഞ്ചിന് വിശദമായ വാദംകേള്‍ക്കും. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്നേക്കു മുമ്പായി നിലപാട് വ്യക്തമാക്കാനും പ്രത്യേക കോടതി ജഡ്ജി ഒ.പി സെയ്‌നി ഇ.ഡിക്കു നിര്‍ദേശം നല്‍കി. അഞ്ചിനു നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇ.ഡി ചിദംബരത്തിന് നോട്ടിസ് അയച്ചിരുന്നു. ഇതുപ്രകാരം അന്നേദിവസം നേരിട്ടു ഹാജരാവാന്‍ ചിദംബരത്തിനോട് കോടതി ആവശ്യപ്പെടുകയുംചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയുമാണ് ചിദംബരത്തിനു വേണ്ടി ഹാജരായത്.
സമൂഹത്തില്‍ നല്ലപ്രതിച്ഛായയുള്ള പൊതുപ്രവര്‍ത്തകനായ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് ഇവര്‍ കോടതിയോട് അഭ്യര്‍ഥിച്ചു. നിലവിലെ സര്‍ക്കാരിനുകീഴിലുള്ള ഏജന്‍സികളുടെ കൈയിലുള്ള കേസ് രേഖകള്‍ ചിദംബരത്തെ കാണിച്ചിട്ടില്ലെന്നും അതില്‍ എന്തൊക്കെയാണുള്ളതെന്ന് അറിയില്ലെന്നും ഇരുവരും പറഞ്ഞു.
2008ല്‍ യു.പി.എ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐപി.ബി) വഴി ഐ.എന്‍.എക്‌സ് മീഡിയയ്ക്കു വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നതാണ് ചിദംബരത്തിനെതിരായ ആരോപണം. ചട്ടപ്രകാരം 600 കോടി രൂപയ്ക്കുമുകളിലുള്ള വിദേശ ഇടപാടുകള്‍ പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ അനുമതിയോടെ മാത്രമെ പാടുള്ളൂ.
എന്നാല്‍, 800 കോടി രൂപവരുന്ന ഈ ഇടപാടിന് സ്വന്തം നിലയ്ക്ക് അംഗീകാരം നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ ആരോപണം. ഇക്കാലയളവില്‍ ഇത് സംബന്ധിച്ച സേവനങ്ങള്‍ക്കായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ഐ.എന്‍.എക്‌സില്‍ നിന്നും രണ്ടുലക്ഷം യു.എസ് ഡോളര്‍ കണ്‍സള്‍ട്ടേഷന്‍ ഫീസായി ഈടാക്കിയെന്നും സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ട്.
ദയാനിധി മാരന്‍ ടെലിക്കോം മന്ത്രിയായിരിക്കെ ഭീഷണിപ്പെടുത്തി കമ്പനി ഷെയറുകള്‍ മലേഷ്യ ആസ്ഥാനമായ മാക്‌സിസ് ഗ്രൂപ്പിലേയ്ക്ക് എഴുതി വാങ്ങിയതായി എയര്‍സെല്‍ ഉടമ സി. ശിവശങ്കരന്‍ നല്‍കിയ പരാതിയാണ് കേസിനാധാരം.
കേസില്‍ കാര്‍ത്തിയെ ഫെബ്രുവരിയില്‍ ഇ.ഡി അറസ്റ്റ്‌ചെയ്തിരുന്നു. കാര്‍ത്തിയുടെ പേരിലുള്ള 1.16 കോടി രൂപ വിലവരുന്ന ആസ്തി കണ്ടുകെട്ടുകയുമുണ്ടായി. കേസില്‍ ചിദംബരത്തിനെതിരേ സി.ബി.ഐ കരുക്കള്‍ നീക്കിയെന്ന സൂചനലഭിച്ചതോടെയാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."