വികാസ് ഗൗഡ വിരമിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും മികച്ച ഡിസ്‌ക്കസ് ത്രോ താരങ്ങളിലൊരാളായ വികാസ് ഗൗഡ വിരമിക്കല്‍ പ്രഖ്യാപിച്ചു. നീണ്ട 15 വര്‍ഷത്തെ അത്‌ലറ്റിക്‌സ് കരിയറിനാണ് ഗൗഡ വിരാമമിട്ടത്. ഏഷ്യന്‍ ഗെയിംസ് പടിവാതില്‍ക്കല്‍ നില്‍ക്കേയാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന ഗൗഡയുടെ അപ്രതീക്ഷിത വിരമിക്കല്‍. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ട്വിറ്റര്‍ പേജിലൂടെയാണ് 34 വയസ് പിന്നിട്ട താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
ഡിസ്‌ക്കസ് ത്രോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് വികാസ്. നാല് തവണ ഇന്ത്യയെ ഒളിംപിക്‌സില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഡിസ്‌ക്കസ് ത്രോയിലെ നിലവിലെ ദേശീയ റെക്കോര്‍ഡും വികാസിന്റെ പേരിലാണ് ഇപ്പോഴും. 66.28 ദൂരം താണ്ടിയാണ് വികാസ് ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2012 ഏപ്രില്‍ മാസത്തില്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഇപ്പോഴും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു.
നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് അത്‌ലറ്റിക്‌സ് പോരാട്ടങ്ങളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കാണ് ഇനി ശ്രദ്ധ ഊന്നുന്നതെന്ന് വികാസ് ഗൗഡ വ്യക്തമാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണം വെള്ളി മെഡലുകളാണ് വികാസിന്റെ സമ്പാദ്യം. ഏഷ്യന്‍ ഗെയിംസില്‍ ഒരു വെള്ളി, വെങ്കലം മെഡലുകളും താരത്തിന് സ്വന്തം. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് മത്സരങ്ങളില്‍ രണ്ട് വീതം സ്വര്‍ണം, വെള്ളി. വെങ്കലം മെഡലുകളാണ് ഡിസ്‌ക്കസ് പായിച്ച് വികാസ് ഇന്ത്യക്ക് സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."